ഭാഷക്ക് കരുത്തേകിയ ബംഗ്ലാവ്

മലയാളത്തിന്റെ ആദ്യ നിഘണ്ടു, പത്രങ്ങൾ തുടങ്ങിയവയെല്ലാം ജന്മമെടുത്തത് തലശ്ശേരിയിലെ ഗുണ്ടർട്ട് ബംഗ്ലാവിലാണ്. വിശ്വോത്തര സാഹിത്യകാരനും നൊബേൽ ജേതാവുമായ ഹെർമൻ ഹെസെയുമായി ഈ ബംഗ്ലാവിന് പൊക്കിൾകൊടി ബന്ധവുമുണ്ട്.
പരിചയം
Posted on: July 16, 2019 4:15 pm | Last updated: July 16, 2019 at 4:15 pm

മലയാളത്തിന് ആദ്യമായി നിഘണ്ടു തയ്യാറാക്കിയ ജർമൻ മിഷനറി ഹെർമൻ ഗുണ്ടർട്ടിന്റെ ഓർമയും പേറി തലശ്ശേരിയിൽ ഒരു ബംഗ്ലാവുണ്ട്. ഭാര്യ ജൂലി ഡിബോയയോടൊപ്പം നെട്ടൂരിലെ ഇല്ലിക്കുന്നിലെ ഈ ബംഗ്ലാവിൽ 20 വർഷം താമസിച്ചാണ് ഗുണ്ടർട്ട് മലയാളഭാഷക്ക് നിഘണ്ടു തയ്യാറാക്കിയത്. ഭാഷക്ക് കരുത്തേകിയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ ബംഗ്ലാവ് കാലത്തെ അതിജീവിച്ച് തലശ്ശേരിയിൽ ഇപ്പോഴുമുണ്ട്.

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തിൽ ഇല്ലിക്കുന്ന് ബംഗ്ലാവിനുള്ള സ്ഥാനം ചെറുതല്ല. നിഘണ്ടുവിന് പുറമെ മലയാളത്തിൽ ആദ്യമായി പത്രങ്ങൾ ജന്മം കൊണ്ടതും ഈ ബംഗ്ലാവിലാണ്. തലശ്ശേരി നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണിത്. തലശ്ശേരിയിൽ ജഡ്ജിയും മതപ്രചാരണ പ്രവർത്തകനുമായിരുന്ന ഹെബിക് ആണ് ഈ ബംഗ്ലാവ് ഗുണ്ടർട്ടിന് നൽകിയത്. സ്‌ട്രേഞ്ച് എന്നയാളാണ് ബംഗ്ലാവ് വിട്ടുകൊടുത്തതെന്ന് മറ്റൊരഭിപ്രായവുമുണ്ട്. എന്തായാലും ഗുണ്ടർട്ട് ബംഗ്ലാവെന്ന പേരിലാണ് ഈ ചരിത്ര സ്മാരകം പ്രസിദ്ധമായത്.
മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും പത്രമെന്നവകാശപ്പെടുന്ന “രാജ്യസമാചാരവും പശ്ചിമോദയവും’ പിറന്നത് ഈ ബംഗ്ലാവിലാണ്.

വിശ്വോത്തര സാഹിത്യകാരനും നൊബേൽ ജേതാവുമായ ഹെർമൻ ഹെസെയുമായി ഈ ബംഗ്ലാവിന് പൊക്കിൾകൊടി ബന്ധവുമുണ്ട്. ഗുണ്ടർട്ടിന്റെ പേരമകനാണ് ഹെർമൻ ഹെസെ. ഹെസെയുടെ അമ്മ മേരി ജനിച്ചത് ഈ ബംഗ്ലാവിലാണ്. ഹെസെയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ജന്മനാടായ സ്റ്റുട്ഹർട്ടിൽ നിന്ന് നിരവധി പേർ തലശ്ശേരിയിലെത്തിയിരുന്നു. തങ്ങളുടെ പൂർവികൻ രണ്ട് പതിറ്റാണ്ട് ചെലവഴിച്ച തലശ്ശേരിയെ കൺകുളിർക്കെ കണ്ട ജർമൻ സംഘത്തിന് നെട്ടൂരിലെ ഗുണ്ടർട്ട് ബംഗ്ലാവ് വിസ്മയമായി. അത് ഗുണ്ടർട്ടിന്റെ പേരിൽ ഒരു മ്യൂസിയമായി നിലനിർത്തണമെന്ന് അന്ന് ആവശ്യമുയർന്നിരുന്നു. ഇപ്പോൾ നെട്ടൂർ എൻ ടി ടി എഫിന്റെ ഹോസ്റ്റലായി പ്രവർത്തിക്കുന്ന ഈ ബംഗ്ലാവ് സി എസ് ഐയുടെ ഉടമസ്ഥതയിലാണ്. നേരത്തേ ഇത് പൊളിച്ചു നീക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

മനോഹരമായ ഇല്ലിക്കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ് സന്ദർശകർക്ക് ഇപ്പോഴും വിസ്മയമാണ്. തേക്ക് കൊണ്ടാണ് ഇതിന്റെ ഉരുപ്പടികൾ നിർമിച്ചത്. വിശാലമായ നടുത്തളവും മുറികളുമുണ്ട്. യഥേഷ്ടം വായു സഞ്ചാരവും വെളിച്ചവും കടന്നുവരുന്ന തരത്തിലായിരുന്നു നിർമാണം. ഗുണ്ടർട്ടിന്റെ കാലത്ത് ഇവിടെ വൻ ഫോട്ടോ ശേഖരം ഉണ്ടായിരുന്നു. തലശ്ശേരിയുടെ അപൂർവ ചിത്രങ്ങളടങ്ങിയ ഈ ഫോട്ടോ ശേഖരം ഇപ്പോഴില്ല. കൊത്തുപണികളാൽ അലംകൃതമായ നൂറ്റാണ്ടുകൾ പഴക്കമുള്ള മര ഉരുപ്പടികളും അപ്രത്യക്ഷമായി. വേണ്ടത്ര സംരക്ഷണം ലഭിക്കാത്ത ബംഗ്ലാവിന് ബലക്ഷയമുള്ളതായി അഭിപ്രായമുയർന്നിട്ടുണ്ട്. ഇതിനത്തായാണ് നെട്ടൂർ സി എസ് ഐ ചർച്ച്. ഗുണ്ടർട്ട് ആണ് ഈ പള്ളി പണിതത്.

സി എസ് ഐയുടെ കീഴിലുള്ള ഈ ചരിത്ര സ്മാരകം ഒഴിപ്പിച്ചെടുത്ത് പുരാവസ്തു വകുപ്പിന്റെ മ്യൂസിയവും ഗവേഷണ കേന്ദ്രവുമാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. തലശ്ശേരിയിൽ നടപ്പിലാക്കുന്ന പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ഈ സ്മാരകം സംരക്ഷിക്കുമെന്ന് നേരത്തേ സർക്കാർ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അവഗണന ഇനിയും തുടരുകയാണെങ്കിൽ മലയാള പത്രത്തിന്റെ ജന്മഗേഹമായ ഗുണ്ടർട്ട് ബംഗ്ലാവ് നാമാവശേഷമായേക്കും.
.