പാര്‍ലിമെന്റില്‍ ഹാജരാകാത്ത ബി ജെ പി മന്ത്രിമാരുടെ പേരുകള്‍ ആവശ്യപ്പെട്ട് മോദി

Posted on: July 16, 2019 1:37 pm | Last updated: July 16, 2019 at 5:22 pm

ന്യൂഡല്‍ഹി: പാര്‍ലിമെന്റില്‍ ഹാജരായി സഭാ നടപടികളില്‍ പങ്കെടുക്കാത്ത കേന്ദ്ര മന്ത്രിമാരുടെ പേരുവിവരങ്ങള്‍ തേടി പ്രധാന മന്ത്രി നരേന്ദ്ര മോദി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് പ്രധാന മന്ത്രി വിഷയത്തില്‍ ഇടപെടുന്നത്. ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടിയുടെ പ്രതിവാര യോഗത്തിലാണ് പ്രധാന മന്ത്രി സഭയില്‍ ഹാജരാകാത്തവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.

സഭയുടെയും അതിന്റെ വിവിധ സമിതികളുടെയും സിറ്റിംഗുകളിലും ചര്‍ച്ചകളിലും പങ്കെടുക്കാതെ പാര്‍ലിമെന്റിലെ പാര്‍ട്ടി അംഗങ്ങള്‍ മാറിനില്‍ക്കുന്നത് സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുമെന്ന് ഈമാസമാദ്യം മോദി പ്രഖ്യാപിച്ചിരുന്നു. പാര്‍ലിമെന്റ് അംഗങ്ങളായ ബി ജെ പി നേതാക്കളുടെ ഹാജര്‍ നില, ഉന്നയിക്കുന്ന ചോദ്യങ്ങള്‍, പാര്‍ലിമെന്ററി കമ്മിറ്റികളിലുള്ള അവരുടെ ഇടപെടലുകള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.

എം പിമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കണമെന്നും പ്രധാന മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.