Connect with us

National

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണ‌ം പത്തായി; രക്ഷാപ്രവർത്തനം തുടരുന്നു

Published

|

Last Updated

മുംബൈ: മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേർ  കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11.40ഓടെയാണ് അബ്ദുല്‍ ഹമീദ് ദര്‍ഗ മേഖലയിലെ ടന്‍ഡേല്‍ തെരുവിലുള്ള കേസര്‍ഭായ് കെട്ടിടം തകര്‍ന്നുവീണത്.

ദേശീയ ദുരന്ത പ്രതികരണ സേനയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പോലീസും നാട്ടുകാരും സഹായവുമായി രംഗത്തുണ്ട്. ഇടുങ്ങിയ തെരുവായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം നേരിടുന്നതായി അഗ്നിശമന സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അപകടം വിതക്കാവുന്ന കെട്ടിടങ്ങളുടെ പട്ടികയില്‍ ഇതുള്‍പ്പെട്ടിരുന്നില്ല. കെട്ടിടം പുതുക്കിപ്പണിയുന്നതിന് വേണ്ടി നിര്‍മാതാവിനെ നിയോഗിച്ചിരുന്നു. നിര്‍മാതാവിന്റെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തകര്‍ന്ന കെട്ടിടത്തിന് സമീപത്തുള്ള മറ്റു ചില കെട്ടിടങ്ങളും ദ്രവിച്ച അവസ്ഥയിലാണെന്നും ഇവിടങ്ങളിലുള്ളവരെ ഒഴിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.

Latest