Connect with us

National

വിശ്വാസ വോട്ടെടുപ്പ്: പ്രതീക്ഷയോടെ സഖ്യ സര്‍ക്കാര്‍; ആത്മവിശ്വാസത്തോടെ പ്രതിപക്ഷം

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടാനിരിക്കെ, വിമത എം എല്‍ എമാരുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ കെ ആര്‍ രമേഷ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നത് താമസിപ്പിക്കുകയാണെന്നാണ് ഹരജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കോണ്‍ഗ്രസില്‍ നിന്ന് 13 ഉം ജെ ഡി എസില്‍ നിന്ന് മൂന്ന് പേരും ഉള്‍പ്പെടെ ഭരണപക്ഷത്തെ 16 എം എല്‍ എമാരും രണ്ട് സ്വതന്ത്രരും അടക്കം 18 പേര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാറിന്റെ അംഗബലം 101 ആയി ചുരുങ്ങിയിട്ടുണ്ട്. ബി ജെ പിക്കാകട്ടെ അംഗസംഖ്യ 107 ആയി ഉയരുകയും ചെയ്തു. ഏഴ് പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയൂ.

വ്യാഴാഴ്ച രാവിലെ 11നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷമായ ബി ജെ പി അവിശ്വാസ പ്രമേയം നല്‍കിയിട്ടുണ്ടെങ്കിലും വ്യവസ്ഥകളും ചട്ടങ്ങളും പ്രകാരം വിശ്വാസ വോട്ട് ആദ്യം നടക്കട്ടെയെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ മതിയായ എണ്ണം എം എല്‍ എമാര്‍ സര്‍ക്കാറിനൊപ്പം ഇല്ലെന്ന് കാര്യം ഉറപ്പാണെന്ന് ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു. വ്യാഴാഴ്ച വരെ കാത്തിരിക്കാം. രാജിവച്ച എം എല്‍ എമാരില്‍ 15 പേര്‍ മുംബൈയിലുണ്ട്. രണ്ട് സ്വതന്ത്രന്മാരും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു കഴിഞ്ഞു. മറ്റു രണ്ടു എം എല്‍ എമാരും ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ വിശ്വാസ പ്രമേയം പരാജയപ്പെടുമെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് താഴെയിറങ്ങേണ്ടി വരുമെന്നുമുള്ള കാര്യം നൂറു ശതമാനം ഉറപ്പാണ്-യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, ചില അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ചില കോണ്‍ഗ്രസ്, ജെ ഡി എസ് നേതാക്കള്‍ പറഞ്ഞു. രാജിവച്ചിട്ടുണ്ടെങ്കിലും രാമലിംഗ റെഡ്ഢി സര്‍ക്കാറിന് അനുകൂലമായി വോട്ടു ചെയ്യുമെന്നത് സുനിശ്ചിതമാണ്. മറ്റൊരു കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗിനെ അനുനയിപ്പിക്കുന്നതിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജിവച്ച 16 എം എല്‍ എമാരുമായും ബന്ധപ്പെട്ടു വരികയാണ്. ആരും ഇതേവരെ തങ്ങളോടു സംസാരിക്കുന്നത് പൂര്‍ണമായി അവസാനിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അവരില്‍ ചിലര്‍ തിരിച്ചെത്തുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ഒരു സഖ്യകക്ഷി നേതാവ് പറഞ്ഞു.

വോട്ടെടുപ്പ് വൈകിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബി ജെ പി അംഗങ്ങള്‍ തിങ്കളാഴ്ച രംഗത്തു വന്നിരുന്നു. വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്നായിരുന്നു ബി ജെ പിയുടെ ആവശ്യം. ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് ബി ജെ പി അംഗങ്ങള്‍ സഭയിലെത്തിയത്. നിയമസഭാ സമ്മേളനം 18 വരെ നിര്‍ത്തിവെച്ചു .

മുംബൈ റിസോര്‍ട്ടില്‍ കഴിയുന്ന വിമതര്‍ ഉള്‍പ്പെടെയുള്ള ഭരണ പക്ഷത്തെ മുഴുവന്‍ എം എല്‍ എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കും. വിപ്പ് ലംഘിച്ചാല്‍ എം എല്‍ എമാരെ അയോഗ്യരാക്കും. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ട് തേടുമെന്ന് പ്രഖ്യാപിച്ചത്.

അതിനിടെ, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എം എല്‍ എമാര്‍ തങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുംബൈ പോലീസിനെ സമീപിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും സുരക്ഷ നല്‍കണമെന്നും ആവ
ശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഒരു രാഷ്ട്രീയക്കാരെയും കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് വിമതരുടെ നിലപാട്. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്. രാജി പിന്‍വലിച്ച് തിരികെയെത്തുമെന്ന് പ്രഖ്യാപിച്ച എം ടി ബി നാഗരാജ് കൂടി മുബൈയിലേക്ക് പോയതോടെയാണ് കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായത്.

---- facebook comment plugin here -----

Latest