International
പാക്കിസ്ഥാൻ വ്യോമ പാത തുറന്നു; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാം

ഇസ്ലാമാബാദ്: ബാലാകോട്ട് മിന്നലാക്രമണത്തെ തുടർന്ന് അടച്ച വ്യോമ പാത പാക്കിസ്ഥാൻ തുറന്നു. ഇന്ന് പുലർച്ചെ 12.41 നാണ് വ്യോമ പാത തുറന്നു നൽകിയത്. ഇന്ത്യയുടെ സൈനിക വിമാനങ്ങൾ ഒഴികെ എല്ലാ വിമാനങ്ങൾക്കും ഇനി പാക് വ്യോമ പാത ഉപയോഗിക്കാം.
പാക്കിസ്ഥാൻ വ്യോമ പാത തുറന്നത് എയർ ഇന്ത്യക്ക് വലിയ ആശ്വാസമാകും. വ്യോമ പാത അടച്ചതിനാൽ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നത് എയർ ഇന്ത്യക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിയിരുന്നു. 500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഇതുവഴി എയർ ഇന്ത്യക്ക് ഉണ്ടായത്.
ഫെബ്രുവരി 28ന് പാക്കിസ്ഥാന്റെ അതിർത്തി ലംഘിച്ച് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതാണ് പാക്കിസ്ഥാനെ വ്യോമ പാത അടയ്ക്കാൻ പ്രേരിപ്പിച്ചത്. 11 വ്യോമ പാതകൾ പാക്കിസ്ഥാൻ അടച്ചിരുന്നു. ഇതിൽ ചിലത് പിന്നീട് തുറന്നു നൽകിയെങ്കിലും ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല.