വിര നിര്‍മാര്‍ജന പദ്ധതി: അധ്യാപകര്‍ കുട്ടികളുടെ മലത്തിന്റെ സാമ്പിള്‍ ശേഖരിക്കണമെന്ന നിര്‍ദേശം വിവാദമായി

Posted on: July 15, 2019 7:35 pm | Last updated: July 15, 2019 at 9:48 pm

ബിക്കാനീര്‍: രാജസ്ഥാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പിലാക്കിയ വിര നിര്‍മാര്‍ജന പദ്ധതി എത്രത്തോളം ഫലപ്രദമായെന്ന് പരിശോധിക്കുന്നതിന് അധ്യാപകര്‍ കുട്ടികളുടെ മലത്തിന്റെ സാമ്പിള്‍ ശേഖരിക്കണമെന്ന നിര്‍ദേശം വിവാദമായി. ജൂലൈ 11ന് രാജസ്ഥാന്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച നിര്‍ദേശത്തിനെതിരെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ആഗോള വിര നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സമഗ്ര ശിക്ഷാ അഭിയാന്റെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാര്‍ക്കും നല്‍കിയിരുന്നു. സ്‌കൂള്‍ കുട്ടികളുടെ വീടുകള്‍ എന്‍ ജി ഒ സംഘത്തോടൊപ്പം സന്ദര്‍ശിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി സാമ്പിള്‍ ശേഖരിക്കണമെന്നാണ് അധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം. സര്‍ക്കാര്‍ തലത്തില്‍ വിര നിര്‍മാര്‍ജന പദ്ധതികള്‍ നടക്കുന്നുണ്ടെങ്കിലും കുട്ടികളുടെ വയറ്റില്‍ വിരയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ ജി ഒ സര്‍വേ നടത്തുന്നത്. സംസ്ഥാനത്തെ 25 ജില്ലകളിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലെ 50 വീതം കുട്ടികളില്‍ നിന്നായി സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം.

എന്നാല്‍, നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് അധ്യാപകര്‍. വിദ്യാലയങ്ങളിലെ കുട്ടികളെ പഠിപ്പിക്കുകയെന്നതാണ് അധ്യാപകരുടെ ഉത്തരവാദിത്തമെന്നും ഇത്തരം നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തങ്ങളുടെ അന്തസ്സിടിക്കുന്നതാണെന്നും രാജസ്ഥാന്‍ ശിക്ഷക് സംഘിന്റെ (രാഷ്ട്രീയ) പ്രതിനിധി അശോക് നാഗര്‍ പറഞ്ഞു. സെന്‍സസ്, തിരഞ്ഞെടുപ്പ്, അഡ്മിഷന്‍, എന്റോള്‍മെന്റ് എന്നിവ ഉള്‍പ്പടെ നിരവധി ജോലികളുടെ ഭാരം ഇപ്പോള്‍ത്തന്നെ അധ്യാപകരുടെ ചുമലിലുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെയാണ് വിര നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട സര്‍വേക്ക് സര്‍ക്കാര്‍ നിയോഗിക്കേണ്ടത്-നാഗര്‍ പറഞ്ഞു.

മലത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കാന്‍ അധ്യാപകരെ ഉപയോഗപ്പെടുത്തുന്നത് തെറ്റും അപ്രായോഗികവുമാണെന്ന് ശിക്ഷക് സംഘ് ശെഖാവത്ത് സംഘടനയുടെ പ്രവര്‍ത്തകന്‍ ഗുലാം ജിലാനി അഭിപ്രായപ്പെട്ടു. അതേസമയം, ജൂലൈ 11ന് പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് അധ്യാപകരില്‍ നിന്ന് ഇതേവരെ ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്ന് കോത്ത ജില്ലാ വിദ്യാഭ്യാസ മേധാവി ഹജാരി ലാല്‍ ശിവ്ഹരെ വ്യക്തമാക്കി. എന്‍ ജി ഒകളാണ് സാമ്പിളുകള്‍ ശേഖരിക്കുകയെന്നും അവരെ അനുഗമിച്ച് രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്തുക മാത്രമാണ് അധ്യാപകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.