അച്ചടക്കം അനിവാര്യം; സിദ്ദുവിന് ജോലി വേണ്ടെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ല: അമരീന്ദര്‍

Posted on: July 15, 2019 5:26 pm | Last updated: July 15, 2019 at 7:21 pm

ന്യൂഡല്‍ഹി: നവജോത് സിംഗ് സിദ്ദുവിന് അദ്ദേഹത്തിന്റെ
ജോലി വേണ്ടെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ജനറല്‍ നല്‍കിയ ജോലി എങ്ങനെയാണ് ഒരു പട്ടാളക്കാരന്‍ നിഷേധിക്കുകയെന്ന് സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചതിനെ പരാമര്‍ശിക്കവെ അമരീന്ദര്‍ ചോദിച്ചു. സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ അത്യാവശ്യം അച്ചടക്കമൊക്കെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. താനുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സിദ്ദു രാജിക്കത്ത് നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം സ്വീകരിച്ച് സിദ്ദു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതാണ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് തുടക്കമിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവ്ജോത് കൗറിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതോടെ തര്‍ക്കം രൂക്ഷമായി. കഴിഞ്ഞ മാസം മന്ത്രിസഭാ പുനസ്സംഘടനയുടെ ഭാഗമായി സിദ്ദുവിനെ തദ്ദേശ സ്വയംഭരണ-ടൂറിസം-സംസ്‌കാരിക വകുപ്പില്‍ നിന്ന് ഊര്‍ജ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയുള്ള വകുപ്പു മാറ്റം സിദ്ദുവിനെ കൂടുതല്‍ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഒരു മാസത്തിലധികമായി സിദ്ദു ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

തന്റെ ഉത്തരവാദിത്തത്തില്‍ നിന്നു മാറിനില്‍ക്കുന്നതിനു പകരം പുതിയ വകുപ്പ് സ്വീകരിച്ച് ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയായിരുന്നു സിദ്ദു ചെയ്യേണ്ടിയിരുന്നതെന്ന് പാര്‍ലിമെന്റ് ഹൗസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സിദ്ദുവിന്റെ രാജിക്കത്ത് ചണ്ഡീഗഡിലെ തന്റെ വസതിയിലേക്ക് അയച്ചതായാണ് അറിഞ്ഞതെന്നും അതു കണ്ട ശേഷമെ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗറിനെ സ്ഥാനാര്‍ഥിയാക്കിയില്ലെന്ന് ആരോപിച്ച് ഇരുവരും നടത്തിയ പ്രസ്താവനയില്‍ അമരീന്ദര്‍ അതൃപ്തി പ്രകടിപ്പിച്ചു. കൗറിന്റെ സ്ഥാനാര്‍ഥിത്വത്തെ താന്‍ എതിര്‍ത്തിരുന്നില്ലെന്നു മാത്രമല്ല, ഭട്ടിന്‍ഡ മണ്ഡലത്തില്‍ നിന്ന്ി ജനവിധി തേടാന്‍ താന്‍ അവരോട് നിര്‍ദേശിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.