Connect with us

Sports

കുപ്പി പൊട്ടിച്ചുള്ള ആഘോഷമാണോ, ഞങ്ങളില്ല

Published

|

Last Updated

ലോഡ്‌സില്‍: ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയായി മോയിന്‍ അലിയും, ആദില്‍ റശീദും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്ന രണ്ടു താരങ്ങളും ലോര്‍ഡ്‌സിലെ കാണികളുടെ ശ്രദ്ധ കവര്‍ന്നു. ഫോട്ടോ പോസിനു ശേഷം കുപ്പി പൊട്ടിക്കാനൊരുങ്ങുമ്പോള്‍ ഇരുവരും ഓടി മാറുന്ന വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇസ്ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍നിന്ന് ഇരുവരും വിട്ടുനിന്നത്. അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോാള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇതിനുശേഷം വീണ്ടും ഷാംപെയിന്‍ ആഘോഷം ആരംഭിച്ചതോടെ ഇരുവരും മാറി നില്‍ക്കുകയായിരുന്നു.

ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് ഇതാദ്യമായല്ല ഇരുവരും വിട്ടു നില്‍ക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ സമാന രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോഴെല്ലാം ഇവര്‍ അതിന്റെ ഭാഗമായിരുന്നില്ല. 2017ല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴും 2015ല്‍ ആഷസ് പരമ്പര വിജയിച്ചപ്പോഴും ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നത് പ്രശംസയ്ക്ക് കാരണമായിരുന്നു.

ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതുകൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി എനിക്ക് തോന്നിയിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചത്. “ഞാന്‍ ഇത്തരം ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് ടീമംഗങ്ങള്‍ക്കും അറിയാം. കിരീടവുമായി ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം മാറിനില്‍ക്കുന്നതാണ് ആദ്യം മുതലേ ഞാന്‍ പിന്തുടരുന്ന രീതി. ഒരു കുപ്പി പൊട്ടിച്ചുള്ള ഈ ആഘോഷത്തില്‍നിന്ന് മാറിനില്‍ക്കുന്നത് ഒരു നഷ്ടമാണെന്ന് ഒരിക്കലും തോന്നുന്നില്ല. മറ്റ് അവസരങ്ങളില്‍ ടീമിനൊപ്പം ആഘോഷിക്കാന്‍ ഞാന്‍ കൂടുന്നുമുണ്ടല്ലോ മോയിന്‍ അലി ഒരിക്കല്‍ പറഞ്ഞു.

 

വീഡിയോകള്‍

---- facebook comment plugin here -----

Latest