സ്റ്റോക്‌സിന് മറക്കാം ആ ഫൈനല്‍ ദുരന്തം

Posted on: July 15, 2019 2:31 pm | Last updated: July 15, 2019 at 2:31 pm

ലോഡ്‌സ്: ലോകകപ്പ് ഫൈനലിലെ താരമായി മാറിയതോടെ ഇംഗ്ലണ്ട് താരം ബെന്‍സ്‌റ്റോക്കിന് 2016 ലെ ഫൈനല്‍ ദുരന്തം ഇനി മറക്കാം. 2016 ലെ ട്വന്റി 20 ലോകകപ്പില്‍ ഫൈനലിനിറങ്ങുമ്പോള്‍ രണ്ടാം കിരീടമായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

കൊല്‍കത്തയില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടി വന്നത് 19 റണ്‍സായിരുന്നു; പന്തെറിയാനെത്തിയത് ബെന്‍സ്റ്റോക്‌സും. എട്ടാമനായി ഇറങ്ങിയ വിന്‍ഡീസ് താരം ബ്രാത്‌വൈറ്റ്് (10 പന്തില്‍ 34) 4 പന്തുകള്‍ നേരിട്ട് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു. തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ ഏറ്റു വാങ്ങി കൊല്‍ക്കത്തയില്‍ സ്റ്റോക്‌സിന്റെ കണ്ണീര്‍ വീണു.

എന്നാല്‍ 86 റണ്‍സിന് 4 വിക്കറ്റെന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് കരകയറ്റിയതോടെ ബെന്‍സ്‌റ്റോക്ക് ആ പഴയ പാപക്കറ കഴുകി. 84 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്റ്റോക്ക് സൂപ്പര്‍ ഓവറിലും ഇറങ്ങി ഫൈനലിലെ താരമായി. ലോഡ്‌സിലെ പുഞ്ചിരിക്കൊപ്പം മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ആ പഴയ ഷോക്ക് സ്‌റ്റോക്കിന് ഇനി മറക്കാം.