തലസ്ഥാനത്ത് വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: July 15, 2019 1:02 pm | Last updated: July 15, 2019 at 6:41 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് വിവിധ സംഘടകളുടെ പ്രതിഷേധം. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളാണ് വിവിധയിടങ്ങളിലായി പ്രതിഷേധിച്ചത്. ഇതില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

എസ് എഫ് ഐയുടെ അക്രമം അവസാനിപ്പിക്കുക, യൂണിവേഴ്‌സിറ്റി കോളജില്‍ അക്രമത്തിന് വിദ്യാര്‍ഥികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രിന്‍സിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യുവമോര്‍ച്ച മാര്‍ച്ച്. യൂണിവേഴ്‌സിറ്റി കോളജ് പരിസരത്തേക്ക് നടത്തിയ മാര്‍ച്ച് കോളജിന് മുമ്പില്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി പോലീസിനോട് ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ആറ് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. പിന്നീട് ഇവര്‍ തിരിച്ചെത്തിയതോടെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

പി എസ് സി ഓഫീസിന് മുമ്പിലായിരുന്നു കെ എസ് യു, യുത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂനിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പിടിക്കപ്പെട്ട പ്രതികള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എ അഭിജിതിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. പി എസ് സി ചെയര്‍മാന്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് പേര്‍ക്ക് വേണമെങ്കില്‍ ചെയര്‍മാനെ കണ്ട് പരാതി നല്‍കാമെന്ന് പോലീസ് പറഞ്ഞു. ഇത് കൂട്ടാക്കാത്ത പ്രവര്‍ത്തകര്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി യൂത്ത്‌കോണ്‍ഗ്രസുകാരും സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെ പി എസ് സി ഓഫീസിലെ ചില ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിയതോടെ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് നേരെ തിരിഞ്ഞതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

രാവിലെ എസ് ഡി പി ഐയും യൂനിവേഴ്‌സിറ്റി കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമാധാനപരമായിരുന്നു എസ് ഡി പി ഐ മാര്‍ച്ച്.