Connect with us

Eranakulam

ഗൗരവം ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തും; എന്നാല്‍ തക്കം നോക്കി എസ് എഫ് ഐ ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ട- എം സ്വരാജ്

Published

|

Last Updated

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അക്രമം സംബന്ധിച്ചുണ്ടായ വീഴ്ച എടുത്തുപറഞ്ഞും അപലപിച്ചും ഇതിന്റെ മറവില്‍ നടക്കുന്ന ഇടത്, എസ് എഫ് ഐ വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കുമെന്നും ഉണര്‍ത്തി എം സ്വരാജ് എം എല്‍ എ. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് സ്വരാജ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിസ്ഥാനത്ത് എസ് എഫ് ഐ പ്രവര്‍ത്തകരാണുള്ളത്. തെറ്റാണ്, അടിയന്തിരമായി തിരുത്തേണ്ടതാണ്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായ തിരുത്തല്‍ നടപടികള്‍ എസ് എഫ് ഐ നടത്തും. പക്ഷേ ഈ തക്കം നോക്കി എസ ്എഫ് ഐ ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്ന് എം സ്വരാജ് പറഞ്ഞു.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അക്രമം ഏവരാലും അപലപിക്കപ്പെട്ടതാണ്.
നിരന്തരാക്രമണങ്ങളുടെ ചോര പുരണ്ട ഒരു കാലഘട്ടത്തിന്റെ കഠാര മുനയില്‍ നിന്നും കേരളീയ കലാലയങ്ങളെ രക്ഷിച്ചെടുത്ത എസ് എഫ് ഐയുടെ പ്രവര്‍ത്തകരാണ് യൂണിവേഴ്‌സിറ്റി കോളജില്‍ പക്ഷേ പ്രതിസ്ഥാനത്തുള്ളത്.
അതു കൊണ്ടു തന്നെ ഇത് ഏറെ ഗൗരവമുള്ളതാണ്. തെറ്റാണ്. അടിയന്തിരമായി തിരുത്തേണ്ടതാണ്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായ തിരുത്തല്‍ നടപടികള്‍ക്കാണ് എസ് എഫ് ഐ തുടക്കം കുറിച്ചത്. ഇതിനോടകം ആ യുണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു കഴിഞ്ഞു. അക്രമ പ്രവണതയോട് സന്ധി ചെയ്യില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

കുറച്ചു കാലമായി കേരളത്തിലെ ഏതാണ്ടെല്ലാ കോളജുകളിലെയും
മഹാ ഭൂരിപക്ഷം വിദ്യാര്‍ഥികളും എസ് എഫ് ഐയിലാണ് അണിനിരന്നിട്ടുള്ളത്.
ഏതൊരു വിദ്യാര്‍ഥി സംഘടനയും മോഹിക്കുന്ന വലിയ മുന്നേറ്റമാണ് എസ് എഫ് ഐക്ക് സാധ്യമായത്.
എല്ലാ തിരഞ്ഞെടുപ്പിലും അവരാണ് ജയിക്കുന്നത്.
ചിട്ടയായ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരെയും അസൂയപ്പെടുത്തുന്ന ഈ വളര്‍ച്ച നേടിയത്.

വളര്‍ച്ചയുടെ ഭാഗമായുണ്ടാവുന്ന വെല്ലുവിളികള്‍ സ്വാഭാവികമാണ്.
അത്തരം വെല്ലുവിളികളെ ഏതൊരു സംഘടനയും നേരിടേണ്ടി വരും .
എസ് എഫ് ഐയുടെ കൊടിക്കീഴിലേയ്ക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ രാഷ്ടീയം പഠിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമം ഇക്കാര്യത്തിന് അടിവരയിടുന്നു. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ധീരമായി മുന്നോട്ടുപോകാനുള്ള കരുത്ത് എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിനുണ്ട്. അവരത് നിര്‍വഹിക്കും. നമ്മുടെ കലാലയങ്ങളുടെ അഭിമാനമായി തുടരുകയും ചെയ്യും.

എന്നാല്‍ വീണു കിട്ടിയ ഒരു അക്രമ സംഭവത്തിന്റെ പേരില്‍ ഒരു കുഴിവെട്ടി അതില്‍ എസ് എഫ് ഐയെ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷം. അവര്‍ക്കിപ്പോള്‍ തന്നെ എസ് എഫ് ഐയെ കൊല്ലണം. ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലും കൊടുക്കാത്ത പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങള്‍ മേല്‍ വാര്‍ത്ത ആഘോഷിക്കുന്നത്. അക്രമങ്ങള്‍ ഇല്ലാതാക്കുകയല്ല മറിച്ച് എസ് എഫ് ഐയുടെ ചോര കുടിയ്ക്കുകയാണ് ലക്ഷ്യം. ഈ ദുഷ്ടലാക്കിന്റെ മുന്നില്‍ ഒരു മഹാ പ്രസ്ഥാനം തലകുനിച്ച് , നട്ടെല്ലു വളച്ച് , മുട്ടുമടക്കി മൗനമായി തോറ്റു പോകുമെന്ന് കരുതുന്നവര്‍ക്ക് എസ് എഫ് ഐയെ അറിയില്ല.
കേരളീയ കലാലയങ്ങളുടെ സമരസാന്ദ്ര ചരിത്രവും ഓര്‍മയുണ്ടാവില്ല.
കെ എസ് യു വിന്റെ
ചോരക്കത്തിയുടെ മുനയില്‍ ജീവനൊടുങ്ങിപ്പോയ ഉശിരാര്‍ന്ന യൗവനങ്ങളുടെ ത്യാഗസഹന സമ്പൂര്‍ണമായ ചെറുത്തുനില്‍പുകള്‍ നിറഞ്ഞ ഭൂതകാലം കേട്ടിട്ടേയുണ്ടാവില്ല.

യൂണിവേഴ്‌സിറ്റി കോളജെന്ന് ആര്‍ത്തുവിളിച്ച് എസ് എഫ് ഐയെ കൊന്നു കുഴിച്ചുമൂടാന്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന സകലരോടും പറയട്ടെ.
അതെ,
എസ് എഫ് ഐ ക്കാര്‍ക്ക് അവിടെ തെറ്റുപറ്റിയിട്ടുണ്ട്. ഒരു ന്യായീകരണവുമില്ല. മാതൃകാപരമായി അവരാ തെറ്റ് തിരുത്തുകയാണ്. കരുത്തോടെ അവര്‍ തെറ്റുതിരുത്തി മുന്നോട്ടു പോകും. എന്നാല്‍ ഈ തക്കത്തില്‍ എസ് എഫ് ഐയെ അങ്ങു ഭസ്മീകരിക്കാമെന്ന് ആരും കരുതണ്ട.

ആയിരം അക്രമങ്ങളുടെ ,
ഹീനമായ കൊലപാതകങ്ങളുടെ ചോരക്കറയുമായി
കലാലയങ്ങളുടെയാകെ വെറുപ്പേറ്റുവാങ്ങി അന്ത്യശ്വാസം വലിയ്‌ക്കേണ്ടി വന്ന ജീര്‍ണ സംഘങ്ങളെ ഈ തക്കം നോക്കി
പട്ടടയില്‍ നിന്നെടുത്ത് പൗഡറിട്ട് മിനുക്കിയെടുക്കാമെന്നും കരുതണ്ട.

അക്രമങ്ങളെ കലാലയങ്ങള്‍ ഒരു കാലത്തും അംഗീകരിക്കില്ല . അക്രമികളെ വിദ്യാര്‍ഥികള്‍ പിന്തുണയ്ക്കുകയുമില്ല. സമാധാനമുള്ള ക്യാമ്പസാണ് എല്ലാ വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുന്നത്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നവര്‍ ഒരു പക്ഷേ
മനോരമ, മാതൃഭൂമി പത്രങ്ങളാണ്. തങ്ങളുടെ ഇഷ്ടക്കാരും ഏറാന്‍ മൂളികളുമായിരുന്ന കെ എസ് യു വിന് ആവശ്യത്തിന് വെള്ളവും വളവും നല്‍കിയിട്ടും അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നു മാത്രം നോക്കിയാല്‍ കാര്യം മനസിലാവും.
മുഖ്യധാരാ മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ ലഭിച്ചിട്ടും , “ബാലജനസഖ്യം” റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അത്യദ്ധ്വാനം ചെയ്തിട്ടും കലാലയങ്ങള്‍
കെ എസ് യുവിനെ വെറുപ്പോടെ ആട്ടിയകറ്റിയത് എന്തുകൊണ്ടായിരുന്നുവെന്ന് ചിന്തിക്കണം.

മനുഷ്യത്വരഹിതമായ അക്രമങ്ങളും കൊലപാതകങ്ങളുമാണ് കെ എസ് യുവിനെ ക്യാമ്പസുകള്‍ വെറുക്കാന്‍ കാരണം.
ഇന്നലെകളില്‍ നമ്മുടെ കലാലയ മുറ്റങ്ങളിലെ മണ്ണു നനഞ്ഞത് മഴ കൊണ്ടല്ല. ഇളം ചോര വീണാണ്.
കലോത്സവ വേദിയിലാണ് കൊച്ചനിയനെ വെട്ടിനുറുക്കിക്കൊന്നത് .
മുഹമ്മദ് അഷറഫ് ,
സി വി ജോസ് , എം എസ് പ്രസാദ് , ജി ഭുവനേശ്വരന്‍ …….
എത്രയെത്ര ഉശിരന്മാരാണ് ജീവിതത്തിന്റെ വസന്തകാലങ്ങളില്‍ കലാലയങ്ങളില്‍ വെച്ച് ഖദര്‍ ധാരികളാല്‍ തല്ലിക്കൊഴിയ്ക്കപ്പെട്ടത്.

---- facebook comment plugin here -----

Latest