യന്ത്രത്തകരാര്‍: ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചു

Posted on: July 15, 2019 9:15 am | Last updated: July 15, 2019 at 12:30 pm

ശ്രീഹരിക്കോട്ട: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം കൗണ്ട്ഡൗണ്‍ തുടങ്ങിയ ശേഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിവെച്ചത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വച്ചിരുന്നത്. ഇതിന്റെ വിക്ഷേപണത്തിനായി ക്രയോജനിക് ഘട്ടത്തില്‍ ഇന്ധനം നിറയക്കുന്നതുള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക തകാര്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ലോകത്തെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2 വിക്ഷേപണം നിര്‍ത്തിവെക്കുകയായിരുന്നു.

978 കോടി രൂപയാണ് ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ ചെലവായി ഐ എസ് ആര്‍ ഒ കണക്കാക്കുന്നത്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റേയും 375 കോടി രൂപ ജി എസ് എല്‍ വി വിക്ഷേപണവാഹനത്തിന്റേയും ചെലവാണ്.

ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട്.