Connect with us

Kannur

സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

കണ്ണൂര്‍: സലഫി പ്രഭാഷകനും മുജാഹിദ് നേതാവുമായ ഡോ. കെ കെ സക്കരിയ്യ സ്വലാഹി (54) കൂത്തുപറമ്പിലുണ്ടായി വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുജാഹിദ് ഖണ്ഡന പ്രഭാഷകനായി അറിയപ്പെട്ട അദ്ദേഹം സംഘടനയിലെ ആദ്യ പിളര്‍പ്പില്‍ കെ എന്‍ എം ഔദ്യോഗിക വിഭാഗത്തോടൊപ്പമായിരുന്നു. ഔദ്യോഗിക പക്ഷത്ത് യുവജന വിഭാഗത്തിന് നേതൃത്വം നല്‍കി. പിന്നീട് യുവജന നേതാക്കള്‍ക്കൊപ്പംവിസ്ഡം ഗ്രൂപ്പ് രൂപവത്കരിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. ഒടുവില്‍ വിസ്ഡം ഗ്ലോബല്‍ വിഷന്‍ നേതാക്കളുമായി അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരളത്തിലെ മുജാഹിദ് സലഫീ വിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പല നിലപാടുകളോടും വിയോജിച്ചുകൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്തുവരികയായിരുന്നു.

പാലക്കാട് ജില്ലയിലെ പാലക്കാഴി സ്വദേശിയാണ്. കണ്ണൂരിലെ കടവത്തൂരിലാണ് താമസം. എടവണ്ണ ജാമിഅ നദ്വിയ്യയില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് കടവത്തൂര്‍ നുസ്റത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ അധ്യാപകനായിരുന്നു.

Latest