ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍: ലോര്‍ഡ്‌സിലെ കലാശപ്പോരാട്ടത്തിന് സവിശേഷതകളേറെ

Posted on: July 14, 2019 2:53 pm | Last updated: July 14, 2019 at 8:31 pm

ലണ്ടന്‍: ലോര്‍ഡ്‌സിലെ മൈതാനത്ത് ഇന്ന് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് നിരവധി സവിശേഷതകളുണ്ട്.

1. പുതിയ ചാമ്പ്യന്‍
23 വര്‍ഷത്തിനു ശേഷം ക്രിക്കറ്റിന് ഒരു പുതിയ ലോക ചാമ്പ്യനെ ലഭിക്കുമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. 1996ല്‍ ശ്രീലങ്ക തങ്ങളുടെ പ്രഥമ ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് കപ്പിന് പുതിയ അവകാശികളെത്തുന്നത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇതേ വരെ ലോകകപ്പ് നേടിയിട്ടില്ലെന്നു മാത്രമല്ല, ഇരു ടീമുകളും ആദ്യമായാണ് ലോകകപ്പ് കലാശക്കളിയില്‍ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. ആസ്‌ത്രേലിയ അഞ്ചു തവണ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും രണ്ടു തവണ കിരീടമുയര്‍ത്തി. പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ ഓരോ തവണ ചാമ്പ്യന്മാരായി.

2. സമനിലപ്പൂട്ട് പൊളിക്കാന്‍
ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചാല്‍ സൂപ്പര്‍ ഓവറിനെ ആശ്രയിച്ചാണ് ജോതാക്കളെ നിര്‍ണയിക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ നിലയോ നെറ്റ് റണ്‍ റേറ്റോ ഫൈനലില്‍ ബാധകമാകില്ല.

3. മഴ കളിച്ചാല്‍
ലണ്ടനില്‍ ഇന്ന് മഴ പെയ്‌തേക്കാനുള്ള സാധ്യതയൊന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടില്ല. അഥവാ മഴ കളി മുടക്കിയാല്‍ റിസര്‍വ് ഡേ ഉപയോഗപ്പെടുത്തും. ഇന്ന് മഴ കാരണം കളി തടസ്സപ്പെടുകയാണെങ്കില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമിയിലേതു പോലെ എവിടെയാണോ നിര്‍ത്തിയത് അവിടെ നിന്ന് റിസര്‍വ് ഡേയില്‍ കളി പുനരാരംഭിക്കും. ഇനി ഷെഡ്യൂള്‍ ദിവസമോ റിസര്‍വ് ദിവസമോ റിസള്‍ട്ടുണ്ടായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

4. ലോര്‍ഡ്‌സിലെ ലോര്‍ഡ്‌സുമാര്‍
ഈ ലോകകപ്പോടെ അഞ്ച് തവണ ടൂര്‍ണമെന്റിന് അതിഥേയത്വം വഹിക്കുന്ന ടീമായി ഇംഗ്ലണ്ട് മാറി. 1975, 1979, 1983, 1999 വര്‍ഷങ്ങളിലാണ് ഇംഗ്ലണ്ട് ഇതിനു മുമ്പ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. എല്ലാ തവണയും ലോര്‍ഡ്‌സാണ് ഫൈനലിന് വേദിയായത്. ഇതോടെ, ലോര്‍ഡ്‌സ് ലോകകപ്പ് ഫൈനലിന് ഏറ്റവും കൂടുതല്‍ വേദിയാകുന്ന മൈതാനമായി.

5. കളി നിയന്ത്രിക്കാന്‍ മുന്‍ ചാമ്പ്യന്‍ ടീമിലെ അംഗം ഇന്നത്തെ പോരാട്ടത്തില്‍ ഓണ്‍ലൈന്‍ അമ്പയര്‍മാരാകുന്നത് ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ ധര്‍മസേനയും
ദക്ഷിണാഫ്രിക്കയുടെ മറിയസ് ഇറാസ്മസും ആണ്. 1996ല്‍ ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിലെ അംഗ മായിരുന്നു ധര്‍മസേന.

6. ഫൈനലിലും ഇന്ത്യ താരം
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും ഫൈനലിലും ഇന്ത്യ മറ്റൊരു തരത്തില്‍ സജീവ പങ്കാളിയാകുമെന്നതാണ് സ്ഥിതി. വിരാട് കോലിയുടെ സംഘം ഫൈനലിലെത്തുമെന്ന ശുഭ പ്രതീക്ഷയില്‍ 41 ശതമാനം ടിക്കറ്റുകളും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ നേരത്തെത്തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. ഇത് ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ആരാധകര്‍ക്ക് തലവേദനയായിരിക്കുകയാണ്. സ്വാഭാവികമായും മുഴുവന്‍ തുകയും കൊടുത്തു തന്നെ ഇന്ത്യക്കാരില്‍ നിന്ന് ടിക്കറ്റ് വാങ്ങാനുള്ള പരിശ്രമത്തിലാണ് അവര്‍.

7. റെക്കോഡ് പ്രൈസ് മണി
ഇത്തവണ 40 ലക്ഷം യു എസ് ഡോളറാണ് ലോകകപ്പ് ജേതാക്കള്‍ക്കുള്ള പ്രൈസ് മണി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണിത്. റണ്ണേഴ്‌സപ്പിന് 20 ലക്ഷം യു എസ് ഡോളര്‍ ലഭിക്കും. ആദ്യം ബാറ്റ് ചെയ്ത ടീമാണ് ലോഡ്‌സില്‍ മുമ്പ് നടന്ന നാല് കലാശക്കളികളില്‍ മൂന്നിലും വിജയികളായത്. ടോസ് കിട്ടിയ ടീം നാല് അവസരങ്ങളിലും തോല്‍ക്കുന്നതിനും ലോഡ്‌സ് വേദിയായി.

8. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം, ടോപ് സ്‌കോറര്‍ ഫൈനലിനില്ല
1999നു ശേഷം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരവും റണ്‍സെടുത്ത താരവും ഫൈനലില്‍ കളിക്കാത്ത ആദ്യ ലോകകപ്പു കൂടിയാണ് ഇത്. 648 റണ്‍സെടുത്ത് ടോപ് സ്‌കോററായ ഇന്ത്യയുടെ രോഹിത് ശര്‍മ (648)യും ലീഡിംഗ് വിക്കറ്റ് ടേക്കര്‍ മിഷേല്‍ സ്റ്റാര്‍ക്കു (27) മാണ് തങ്ങളുടെ ടീം സെമിയില്‍ പുറത്തായതോടെ അവസരം നഷ്ടപ്പെട്ടത്.

9. 101 എടുത്താല്‍ വില്യംസണ്‍ ടോപ് സ്‌കോറര്‍

ഫൈനലില്‍ 101 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ് (548) രോഹിത് ശര്‍മയെ മറികടക്കാമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒരു ലോകകപ്പ് എഡിഷനില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന ബഹുമതിക്ക് ഒരു റണ്‍ മാത്രം അകലെയാണ് വില്യംസണ്‍.

10. താരങ്ങളെ വളര്‍ത്തിയ ലോര്‍ഡ്‌സ്
18ാം വയസ്സില്‍ ലോര്‍ഡ്‌സിലെ എം സി സി യങ് ക്രിക്കറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബില്‍ കളിച്ചു വളര്‍ന്നാണ് ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ ദേശീയ ടീമിലെത്തിയ ത്. 17 വര്‍ഷത്തിനു ശേഷം ലോഡ്‌സിലെ വേദിയില്‍ തന്നെ ഫൈനല്‍ കളിക്കാന്‍ അവസരം കൈവന്നിരിക്കുകയാണ് ഈ താരത്തിന്. മുന്‍ ക്രിക്കറ്റ് താരങ്ങളായ മാര്‍ട്ടില്‍ ക്രോ, കെന്‍ റൂഥര്‍ഫോഡ്, ടെയ്‌ലര്‍ എന്നിവരും എം സി സിയിലൂടെ പരിശീലിച്ച് ലോകകപ്പില്‍ കളിച്ചവരാണ്.