കുതിപ്പിനൊരുങ്ങി ചാന്ദ്രയാന്‍ 2; വിക്ഷേപണം തിങ്കളാഴ്ച പുലര്‍ച്ചെ

Posted on: July 14, 2019 12:06 pm | Last updated: July 14, 2019 at 8:21 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍- രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന്‌ നടക്കും. പത്ത് വര്‍ഷം മുമ്പ് 2008 ഒക്ടോബര്‍ 22നായിരുന്നു ആദ്യ ചാന്ദ്രയാന്‍ വിക്ഷേപണം. ഒന്നാം വിക്ഷേപണത്തിന് ഉപയോഗിച്ച അതേ സാങ്കേതിക സംവിധാനങ്ങള്‍ തന്നെയാണ് രണ്ടാം ദൗത്യത്തിനും ഉപയോഗിക്കുന്നത്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍, ഉപരിതലത്തില്‍ പര്യവേക്ഷണം നടത്താനുള്ള റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പേടകം.

ചാന്ദ്രയാന്‍ ഒന്ന് ദൗത്യത്തില്‍ മൂണ്‍ ഇംപാക്ട്‌ പ്രോബ് ചന്ദ്ര
നില്‍ ഇടിച്ചിറക്കിയതില്‍ നിന്ന് വ്യത്യസ്തമായി സോഫ്റ്റ് ലാന്‍ ഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ്
ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക്
3 ഉപഗ്രഹവുമായി കുതിക്കും. വിക്ഷേപിച്ച് 15  മിനുട്ടിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. അഞ്ച് തവണയായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രന്റെ ഭ്രമണപഥത്തി
ലെത്തിക്കും. പേടകത്തിന്റെ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുക. ഗവേഷണത്തിനായി 13 പേലോഡുകളാണ് ചാന്ദ്രയാന്‍ രണ്ടിലുള്ളത്.