Connect with us

Ongoing News

ലോര്‍ഡ്‌സില്‍ ആരാകും ലോര്‍ഡ്‌സ്; ലോകം കാത്തിരിക്കുന്നു

Published

|

Last Updated

ലണ്ടന്‍: ലോര്‍ഡ്‌സും ലോകവും കാത്തിരിക്കുകയാണ്. ക്രിക്കറ്റിന്റെ ജന്മഭൂമിയില്‍ ഞായറാഴ്ച വൈകിട്ട് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇത്തവണത്തെ ലോകകപ്പ് ആര് വരുതിയിലാക്കുമെന്ന് അറിയാന്‍. ആരായാലും അത് ലോകകപ്പ് ചരിത്രത്തിലെ പുതിയ ചാമ്പ്യന്റെ പിറവിയാകും. ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടും ദ്വീപുരാഷ്ട്രമായ ന്യൂസിലന്‍ഡും ഇതാദ്യമായാണ്‌ ലോകകപ്പ് ഫൈനലില്‍ മാറ്റുരക്കുന്നത്. അതിനാല്‍ത്തന്നെ ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാകും. ആസ്‌ത്രേലിയ, വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ നേരത്തെ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടുന്നത്.

പ്രാഥമിക റൗണ്ടിലും സെമിയിലുമെല്ലാം മികച്ച കളി പുറത്തെടുത്താണ് ഇരു ടീമുകളും അവസാന രണ്ടിലേക്ക് മാര്‍ച്ച് ചെയ്തത് എന്നതിനാല്‍ ലോര്‍ഡ്‌സില്‍ തീപാറുമെന്നുറപ്പ്. നിലവിലെ ചാമ്പ്യന്മാരായ ആസ്‌ത്രേലിയയെ സെമിയില്‍ തകര്‍ത്തെറിഞ്ഞാണ് ഇയോന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ആതിഥേയ ടീം ഫൈനലിലെത്തിയത്. രണ്ടു തവണ ചാമ്പ്യന്മാരായ ഇന്ത്യയെയാണ് ന്യൂസിലന്‍ഡ് മറികടന്നത്. രണ്ടും ഓള്‍റൗണ്ട് മികവിന്റെ വിജയങ്ങള്‍.

പരമാവധി സമര്‍പ്പിക്കാന്‍ കെല്‍പ്പും കഴിവുമുള്ളവരാണ് ഇരു ടീമിലെയും താരങ്ങള്‍. ജേസന്‍ റോയ്-ജോണി ബെയര്‍സ്‌റ്റോ ഓപ്പണിംഗ് ജോഡിയാണ് ബാറ്റിംഗില്‍ ഇംഗ്ലീഷ് നിരയുടെ തുരുപ്പുചീട്ടുകള്‍. വന്‍ സ്‌കോറിന് അടിത്തറ പാകാനുള്ള തങ്ങളുടെ ശേഷി അവര്‍ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ജേസന്‍ റോയിയുടെ കിടിലന്‍ പെര്‍ഫോമന്‍സാണ് ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായകമായത്. ഇവരെ നിലയുറപ്പിക്കും മുമ്പ് പുറത്താക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞാല്‍ അത് മത്സരത്തിലെ പ്രധാന വഴിത്തിരിവാകും. ശക്തമായ ബൗളിംഗ് നിരയുള്ള കീവിസിന് ഇത് അപ്രാപ്യമല്ല.

അതേസമയം, ഓപ്പണിംഗ് പരാജയപ്പെട്ടാലും ഇംഗ്ലണ്ടിനെ എഴുതിത്തള്ളാനാകില്ല. ജോ റൂട്ട്, ഒയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് എന്നിവരടങ്ങുന്ന മധ്യനിര ഏതു മത്സരവും അനുകൂലമാക്കാന്‍ പ്രാപ്തിയുള്ളവരാണ്. ബൗളിംഗില്‍ ജൊഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ് എന്നിവരും ഫോമിലാണ്.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസീസിനോട് ഏഴു വിക്കറ്റിന്റെ കനത്ത പരാജയം രുചിക്കേണ്ടി വന്നതിന്റെ മുറിവുണക്കി രാജ്യത്തിന് ആദ്യമായി ലോകകപ്പ് സമ്മാനിക്കാനാണ് കിവികള്‍ ഒരുങ്ങുന്നത്. ഇതിനാല്‍ത്തന്നെ മൈതാനത്ത് അവരുടെ പൂര്‍ണ സമര്‍പ്പണം കാണാനാകും. ബാറ്റിംഗില്‍ നായകന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ചില്ലറക്കാരല്ല. എന്നാല്‍, ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്റി കോള്‍സ് എന്നിവരുടെ ഫോം ഔട്ടാണ് ന്യൂസിലന്‍ഡിനെ അലട്ടുന്നത്. കലാശത്തില്‍ ഇരുവരും ഫോമിലേക്കുയരുമെന്നു തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ഗ്രാന്‍ഡോം എന്നിവരടങ്ങിയ ബൗളിംഗ് നിര അതിശക്തമാണ്.

കാണാന്‍ പോകുന്ന പൂരം കണ്ടു തന്നെ അറിയാം. ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് കളി. വിശ്വ കിരീടം ആര് സ്വന്തമാക്കുമെന്ന് അറിയാന്‍ ലോകത്തെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ കണ്ണുകളും ലോര്‍ഡ്‌സിലേക്ക്……

Latest