എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിലിന്റെ മൊഴി

Posted on: July 13, 2019 5:27 pm | Last updated: July 13, 2019 at 10:25 pm

തിരുവനന്തപുരം: യൂണിവേഴ്‌സ്റ്റി കോളജില്‍ തന്നെ അക്രമിച്ച എസ് എഫ് ഐ നേതാക്കളെ സംബന്ധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി. തന്നെ കുത്തിയത് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന്അഖില്‍ ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. സംഘര്‍ഷത്തിനിടെ ഓടിയെത്തി എസ് എഫ് ഐ നേതാവ് നസീം തന്നെ പിടിച്ചുവെച്ചു. പി്ന്നാലെ വന്ന ശിവരഞ്ജിത്ത് കുത്തുകയായിരുന്നുവെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് അഖില്‍ പറഞ്ഞു.

അഖിലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ പോലീസിന് കൈമാറിയി. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും പോലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കാമെന്ന് പോലീസിനോട് ഡോക്ടര്‍മാര്‍ അറിയിച്ചു.

അഖില്‍ ഡോക്ടര്‍ക്ക് നല്‍കിയതിന് സമാനമായ മൊഴിയാണ് നേരത്തെ സുഹൃത്തുക്കള്‍ പോലീസിനും നല്‍കിയത്. ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വച്ചാണ് അഖിലിനെ എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികള്‍ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്ത് ഉമൈര്‍ പോലീസിനെ അറിയിച്ചിരുന്നു. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കൈയില്‍ കത്തി ഉണ്ടായിരുന്നു. എന്നാല്‍ കുത്തി വീഴ്ത്തിയത് ആരെന്ന് താന്‍ കണ്ടിട്ടില്ലെന്നാണ് ഉമൈര്‍ പറയുന്നത്.

കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖില്‍ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ് എഫ്െ എ നേതാക്കള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ഉമൈര്‍ പറഞ്ഞു.