ചൈനീസ് സൈന്യം നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയിട്ടില്ല: കരസേനാ മേധാവി

Posted on: July 13, 2019 3:20 pm | Last updated: July 13, 2019 at 7:48 pm

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയില്‍ കടന്നുകയറിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നിയന്ത്രണരേഖക്ക് സമീപം ചൈനീസ് സൈന്യം എത്തിയിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ അവരെ തടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഭാഗമായ ഡെംചോക്കില്‍ ടിബറ്റുകള്‍ പ്രാദേശിക ഉത്സവം സംഘടിപ്പിചിരുന്നു. ഇതു കണ്ട് എന്താണെന്ന് അന്വേഷിച്ചാണ് ചൈനീസ് സൈന്യം എത്തിയത്. അവര്‍ അതിക്രമിച്ച് കടന്നിട്ടില്ല. നിയന്ത്രണ രേഖയില്‍ കാര്യങ്ങള്‍ എല്ലാം സാധാരണ നിലയിലാണെന്നും റാവത്ത് വ്യക്തമാക്കി.

പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അനാവശ്യ ഇടപെടല്‍ ഉണ്ടായാല്‍ ഇന്ത്യ ശക്തമായ നടപടിയെടുക്കുമെന്ന് റാവത്ത് പറഞ്ഞു. പാക്കിസ്ഥാന്‍ ഇടക്കിടെ അതിര്‍ത്തി കടക്കാനും ഭീകരവാദികളെ ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. പാക്കിസ്ഥാന്‍ പ്രശ്‌നം സൃഷ്ടിച്ചാല്‍ തിരിച്ചടി പ്രവചനാതീതമാകുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി.