അഖിലിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെയെന്ന് പോലീസ് റിപ്പോര്‍ട്ട്

Posted on: July 13, 2019 11:39 am | Last updated: July 13, 2019 at 5:28 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ എന്ന് എഫ്‌ഐആര്‍. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാത്തതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നും കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരജ്ഞിത്ത് ആണെന്നും എഫ്‌ഐആറില്‍ പറയുന്നു.

യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കാര്യങ്ങള്‍ അനുസരിക്കാത്തതിനാല്‍ അഖിലിനോടും മറ്റ് വിദ്യാര്‍ഥികളോടും ഇവര്‍ക്ക് വിദ്വേഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാന്റീനില്‍ വച്ച് പാട്ട് പാടിയതുമായി ബന്ധപ്പെട്ട് അഖിലും യൂണിറ്റ് അംഗങ്ങളുമായി വാക്കേറ്റമുണ്ടായിരുന്നു. അടുത്ത ദിവസം കോളേജിലെത്തിയ അഖിലിനെ കേസിലെ രണ്ടാം പ്രതിയായ നസീം മര്‍ദ്ദിച്ചു. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത് അഖിലിനെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടുകൂടി ആയുധമുപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു.അഖിലിനൊപ്പം ആക്രമണത്തില്‍ പരുക്കേറ്റ വി?ദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് കന്റോണ്‍മെന്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.