‘ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ്’: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ അപലപിച്ച് സ്പീക്കര്‍

Posted on: July 13, 2019 9:31 am | Last updated: July 13, 2019 at 11:40 am

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍തന്നെ കുത്തിയ സംഭവം ചരിത്രത്തത്തിലെ അക്ഷരത്തെറ്റെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്റെ ശിരസ് ലജ്ജാഭാരം കൊണ്ട് പാതാളത്തോളം താഴുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഹൃദയം നുറുങ്ങുന്നു. കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു. എന്റെ, എന്റെ എന്ന് ഓരോരുത്തരും ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സ്‌നേഹനിലാവ്. യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സര്‍ഗാത്മക യൗവനത്തെയാണ് നിങ്ങള്‍ ചവുട്ടി താഴ്ത്തിയത്.നിങ്ങള്‍ ഏതു തരക്കാരാണ് എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ .നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം നമുക്ക് വേണ്ട. ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ പരാജയത്തിന്റെ നരകമാണ്. തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല, ശിരസു കുനിച്ചു മാപ്പപേക്ഷിക്കുക എന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.