Connect with us

International

ശരീഫിനെ ശിക്ഷിച്ചത് സമ്മര്‍ദം കാരണമെന്ന പ്രസ്താവന: ജസ്റ്റിസ് അര്‍ഷാദ് മാലികിനെ ചുമതലയില്‍ നിന്ന് നീക്കി

Published

|

Last Updated

ഇസ്‌ലാമാബാദ്: “അജ്ഞാത കേന്ദ്ര”ത്തില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് അഴിമതി ആരോപണ വിധേയനമായ പാക് മുന്‍ പ്രധാന മന്ത്രി നവാസ് ശരീഫിനെ ശിക്ഷിക്കേണ്ടി വന്നതെന്ന് പറഞ്ഞ ഭീകര വിരുദ്ധ കോടതി ജഡ്ജി അര്‍ഷാദ് മാലികിനെ ചുമതലയില്‍ നിന്ന് നീക്കിക്കൊണ്ട് പാക് നിയമ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് മന്ത്രി ഫാറോഗ് നാസിം ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അല്‍ അസീസിയ്യ സ്റ്റീല്‍ മില്‍ കേസില്‍ നവാസ് ശരീഫിനെ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.

ശരീഫിനെതിരായ വിധി സമ്മര്‍ദം മൂലമാണെന്ന് ഭീകര വിരുദ്ധ കോടതി ജഡ്ജി ജസ്റ്റിസ് അര്‍ഷാദ് മാലിക് വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. കഴിഞ്ഞാഴ്ച ശരീഫിന്റെ മകള്‍ മറിയമാണ്, പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് (പി എം എല്‍-എന്‍) നേതാവുമായുള്ള സംഭാഷണത്തിനിടെ മാലിക് കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്തുവിട്ടത്.

അതേസമയം, വീഡിയോ വ്യാജമാണെന്നും അതിലെ ഉള്ളടക്കം അടിസ്ഥാന രഹിതമാണെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖിന് സമര്‍പ്പിച്ച കത്തിലും സത്യവാങ്മൂലത്തിലുമായി ജസ്റ്റിസ് മാലിക് വ്യക്തമാക്കി. വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജസ്റ്റിസിനെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് നിയമ മന്ത്രാലയത്തോടു നിര്‍ദേശിക്കാന്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു.

അര്‍ഷാദിനെതിരെ നടപടിയെടുത്തതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച നിയമ മന്ത്രി ഫാറോഗ് നാസിം, യാതൊരു സമ്മര്‍ദവും ഭീഷണിയും കൂടാതെയാണ് ശരീഫിനെതിരെ വിധി പ്രസ്താവിച്ചതെന്ന് മാലിക് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായി സ്ഥിരീകരിച്ചു. സമ്മര്‍ദം മൂലമാണോ വിധി പ്രസ്താവിച്ചതെന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുന്നതു വരെ ശരീഫിനെതിരായ നടപടി മാറ്റുകയോ നീട്ടിവെക്കുകയോ ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.

വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ ലാഹോറിലെ കോട് ലക്പത് ജയിലില്‍ നിന്ന് ശരീഫിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി എം എല്‍-എന്‍ നേതൃത്വം രംഗത്തു വന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ ജുഡീഷ്യറിയാണ് തീരുമാനമെടുക്കേണ്ടതെന്ന് പാക് സര്‍ക്കാര്‍ പറഞ്ഞു.
ഭരണകക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ (പി ടി ഐ) തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനൊത്ത് ജസ്റ്റിസ് മാലിക് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളുള്ള മറ്റൊരു വീഡിയോയും പുറത്തായിരുന്നു. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, മുന്‍ പ്രധാന മന്ത്രിമാരിയ രാജാ പെര്‍വേസ് അശ്‌റഫ്, ശൗക്കത്ത് അസീസ് തുടങ്ങിയവര്‍ ഉള്‍പ്പടെ പ്രമുഖര്‍ ഉള്‍പ്പെട്ട നിരവധി കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയാണ് ജസ്റ്റിസ് അര്‍ഷാദ് മാലിക്.

അതിനിടെ, നവാസ് ശരീഫിനെതിരായ നടപടി ഉന്നത നീതിന്യായ കോടതി പുനപ്പരിശോധിക്കണമെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും മകള്‍ മറിയം ട്വീറ്റ് ചെയ്തു.

Latest