യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം: ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted on: July 12, 2019 8:25 pm | Last updated: July 13, 2019 at 10:25 am

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് എസ് എഫ് ഐ പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നിസാം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സംഘടനയില്‍ നിന്ന് എസ് എഫ് ഐ സസ്പെന്‍ഡ് ചെയ്തിരുന്നു. ശിവരഞ്ജിത്, നസീം, ഇബ്‌റാഹീം, അദ്വൈത്, ആരോമല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതികള്‍ക്കെതിരായ പോലീസ് അന്വേഷണം നടക്കുകയാണ്. വിഷയത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സസ്പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ച എസ് എഫ് ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

യൂനിവേഴ്സിറ്റി കോളജില്‍ ഇന്ന് രാവിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റത്. നെഞ്ചിന് ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഖിലിനെ ഇതിനകം അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.