ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിന് മര്‍ദനം

Posted on: July 12, 2019 7:56 pm | Last updated: July 12, 2019 at 10:29 pm

നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് തമിഴ്‌നാട്ടില്‍ മുസ്ലിം യുവാവിന് നേരെ ക്രൂര മര്‍ദനം. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള പൊറവാച്ചേരി ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് ഫൈസാന്‍ (24) എന്ന യുവാവിനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ദിനേശ് കുമാര്‍, ഗണേഷ് കുമാര്‍, മോഹന്‍കുമാര്‍, അഗതിയന്‍ എന്നീ നാല് പേരാണ് അസ്റ്റിലായിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും ഇവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും നാഗപട്ടണം എസ് പി ടി കെ രാജശേഖരന്‍ പറഞ്ഞു.

ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഇന്നലെ രാവിലെയാണ് ഫൈസാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രാത്രിയോടെ ഏതാനും യുവാക്കള്‍ ഫൈസാന്റെ വീട്ടിലേക്ക് സംഘടിച്ചെത്തുകയായിരുന്നു. ചിത്രം പോസ്റ്റ് ചെയ്തത് സംബന്ധിച്ച് ഫൈസാനെ ചോദ്യം ചെയ്യുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. ഫൈസാന്‍ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.