Connect with us

Kerala

യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം: എസ് എഫ് ഐ യൂനിറ്റ്‌ കമ്മിറ്റി പിരിച്ചുവിട്ടു

Published

|

Last Updated

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ അക്രമികള്‍ അടങ്ങിയ എസ് എഫ് ഐ യൂനിറ്റ്‌ കമ്മിറ്റി പിരിച്ചുവിട്ടു. അക്രമവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയും യൂനിറ്റ് കമ്മിറ്റിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലവാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപടെല്‍. കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവാണ് അറിയിച്ചത്.

എസ് എഫ് ഐ പ്രവര്‍ത്തകനായ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ് എഫ് ഐ യൂണിറ്റ് നേതാക്കള്‍ ഇന്ന് രാവിലെയാണ് അക്രമിച്ചത്. നെഞ്ചില്‍ കുത്തേറ്റ അഖില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ് എഫ് ഐ ശക്തമായ യൂനിവേഴ്‌സിറ്റി കോളജ് പോലൊരു സ്ഥലത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വി പി സാനു പറഞ്ഞു. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളജ് യൂനിയന്‍ പിരിച്ചു വിടുന്നത്. ഇക്കാര്യത്തിലെ ഭാവി നടപടികള്‍ എസ് എഫ് ഐ പ്രാദേശിക കമ്മിറ്റികള്‍ സ്വീകരിക്കുമെന്നും സാനു പറഞ്ഞു.

രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം ഡിപാര്‍ട്ട്‌മെന്റ് തലത്തിലെ സംഘര്‍ഷമായി മാറിയതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന്
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് പറഞ്ഞു.ഇക്കാര്യത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹവും കൂട്ടിച്ചേര്‍ത്തു.

 

Latest