മന്ത്രി ജലീലിനെ തടഞ്ഞ് വ്യാജ പ്രചാരണം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Posted on: July 12, 2019 3:36 pm | Last updated: July 12, 2019 at 3:36 pm


കല്‍പകഞ്ചേരി: മന്ത്രി കെ ടി ജലീലിനെ തടഞ്ഞ് വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി കല്‍പകഞ്ചേരി പോലീസ് പിടിയിലായി. പെരുമണ്ണ താളിക്കാടന്‍ മുഹ്‌സിന്‍ (24), വെന്നിയൂര്‍ കല്ലിങ്ങഞ്ഞൊടി ഇല്ല്യാസ് (40)എന്നിവരെയാണ് എസ് ഐ. എസ് കെ പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്.

കേസില്‍ മുഹ്‌സിനാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസം ചെട്ടിയാം കിണറിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങി ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. മന്ത്രിയോട് കയര്‍ക്കുന്നതും മന്ത്രിയെ തടഞ്ഞ് നിര്‍ത്തിയതും മുഹ്‌സിനാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം കാറിലെത്തിയ ഇല്യാസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇല്ല്യാസ് വാളക്കുളത്തെ സജീവ ലീഗ് പ്രവര്‍ത്തകനും മുഹ്‌സിന്‍ ലീഗ് അനുഭാവിയുമാണ്. രണ്ടാം പ്രതിയായ പെരുമണ്ണ വാളക്കുളം കുറുങ്കാട്ട് പറമ്പില്‍ അയ്യൂബി(30) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.