Connect with us

National

പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയാകണമെന്ന ആവശ്യം സോണിയ തള്ളി; കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന അനിശ്ചതാവസ്ഥക്ക് വിരാമമിടാനും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനും സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയാകണമെന്ന് ആവശ്യം. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തന്റെ മകന്‍ രാഹുല്‍ ഗാന്ധി ഉപേക്ഷിച്ച പദവി ഏറ്റെടുക്കാന്‍ തയാറല്ലെന്ന് സോണിയ വ്യക്തമാക്കി. നേരത്തെ, സോണിയ അധ്യക്ഷ സ്ഥാനത്തിലിരുന്ന 19 വര്‍ഷത്തില്‍ 10 വര്‍ഷക്കാലം രാജ്യം ഭരിച്ചത് കോണ്‍ഗ്രസ് നേതൃത്തിലുള്ള യു പി എ ആയിരുന്നു. 2017ലാണ് അവര്‍ അധ്യക്ഷ പദം മകന്‍ രാഹുലിന് കൈമാറിയത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സ്ഥാനം ഇടക്കാലത്തേക്കാണെങ്കില്‍ പോലും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ പ്രശ്‌നങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സോണിയ തന്റെ വിശ്വസ്തരെ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ രാജിയെയും തീരുമാനം പുനരാലോചിക്കില്ലെന്ന അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടിനെയും തുടര്‍ന്ന് പാര്‍ട്ടിയിലെ നിരവധി മുതിര്‍ന്ന നേതാക്കളാണ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയെ കണ്ടത്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി മേധാവികള്‍ രാജിവച്ചത് കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. വിമത എം എല്‍ എമാരുടെ രാജി കാരണം കര്‍ണാടകയിലും ഗോവയിലുമെല്ലാം പാര്‍ട്ടി പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കുന്നതിന് സോണിയയുടെ നേതൃത്വം സഹായകമാകുമെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്.

Latest