Connect with us

Eranakulam

പേരുകൾ മാറ്റി വ്യാജ വെളിച്ചെണ്ണ

Published

|

Last Updated

കൊച്ചി: മായം കലർന്ന വെളിച്ചെണ്ണ പേരുമാറ്റി ബ്രാൻഡഡ് ആയി വിപണി കീഴടക്കുന്നു. പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നാണ് മായം ചേർത്ത വെളിച്ചെണ്ണ വിവിധ ബ്രാൻഡുകളിൽ കേരളത്തിലേക്കൊഴുകുന്നത്. ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചുകൊണ്ടിരിക്കെയാണ് പേരുകളിൽ മാറ്റം വരുത്തി കമ്പനി ഉടമകൾ നിരോധിച്ചവ തന്നെ വീണ്ടും പുറത്തിറക്കുന്നത്.
മിക്കവയും പ്രമുഖ ബ്രാൻഡുകളുടെ പേരിനോട് സാമ്യമുള്ള പേരുകളിൽ രൂപ മാറ്റത്തോടെയാണ് ഇറക്കുന്നത്. ഇതിനാൽ ഉപഭോക്താക്കൾ വ്യാജനെ തിരിച്ചറിയാൻ ബുദ്ധിമുട്ടുകയാണ്. തമിഴ്‌നാട്ടിലെ കാങ്കയത്ത് നിന്ന് എത്തുന്ന കൃത്രിമ വെളിച്ചെണ്ണ അതിർത്തി കടന്ന് മിക്‌സിംഗ് യൂനിറ്റുകളിൽ എത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കമ്പനിയുടെ മാത്രം നാല് വെളിച്ചെണ്ണ ബ്രാൻഡുകൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അധികൃതർ നിരോധിച്ചിരുന്നു. സൗഭാഗ്യ, സുരഭി എന്നീ വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് മൂന്ന് മാസം മുമ്പ് നിരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇതേ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാൻഡുകളും നിരോധിച്ചിരുന്നു. നേരത്തെ നിരോധിച്ച വെളിച്ചെണ്ണ തന്നെ പേരുമാറ്റി ഇവർ വിപണിയിലെത്തിക്കുകയായിരുന്നു. ഇവ നിർമിക്കുന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഒരു കമ്പനിയാണ്.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേര ഫെഡിന്റെ കേര എന്ന പേരിനൊപ്പം മറ്റു പേരുകൾ ചേർത്ത് ഒരു ഡസനോളം ബ്രാൻഡുകൾ വിപണിയിലുണ്ട്. ഇടക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവ നിരോധിച്ചതോടെ പേരുമാറ്റി കൃത്രിമ വെളിച്ചെണ്ണ മറ്റ് ബ്രാൻഡുകളിലിറക്കുകയാണ് ഇവരുടെ രീതി.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നൂറിലധികം വെളിച്ചെണ്ണ ബ്രാൻഡുകളാണ് സംസ്ഥാനത്ത് നിരോധിച്ചത്. 2018 മെയ് 31ന് 45 ബ്രാൻഡും ജൂൺ 30ന് 51 ബ്രാൻഡും ഡിസംബർ 18ന് 74 ബ്രാൻഡ് വെളിച്ചെണ്ണയും ഭക്ഷ്യസുരക്ഷാ കമ്മീഷനർ നിരോധിച്ചു. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ തടഞ്ഞിരുന്നു. എന്നാൽ, ഇവ വീണ്ടും പേരുകളിൽ മാറ്റം വരുത്തി വിപണിയിലെത്തുന്നത് തടയാൻ അധികൃതർക്ക് കഴിയുന്നില്ല. വ്യാജ വെളിച്ചെണ്ണയിൽ 80 ശതമാനവും മാറാ രോഗങ്ങൾക്ക് സാധ്യതയുള്ള വിഷ വസ്തുക്കൾ ചേർത്താണ് നിർമിക്കുന്നത് കണ്ടെത്തിയിരുന്നു.

തമിഴ്‌നാട്ടിൽ നിന്നുള്ള മായം കലർത്തിയ വെളിച്ചെണ്ണകൾ നിരോധിക്കുന്നതിനപ്പുറം ഇത്തരം കമ്പനികൾക്ക് തടയിടാൻ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് സാധിക്കാത്തതാണ് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ അതിർത്തി കടന്നെത്താൻ കാരണമാകുന്നത്.

ലിറ്ററിന് 220 രൂപ മുതലാണ് ബ്രാൻഡഡ് വെളിച്ചെണ്ണയുടെ കുറഞ്ഞ വില. വിപണി വില വർധിക്കുന്തോറും ബ്രാൻഡഡ് വിലയും ഉയരും. വെളിച്ചെണ്ണ വില നേരത്തെ 170 വരെ താഴ്ന്നിരുന്നു. ശബരിമല സീസൺ തുടങ്ങുമ്പോഴാണ് സാധാരണ സംസ്ഥാനത്ത് തേങ്ങവില കൂടുന്നത്. എന്നാൽ, ഇത്തവണ സീസൺ സമാപനത്തിലേക്ക് കടക്കുമ്പോഴാണ് വിലയുയർന്നത്. തമിഴ്‌നാട്ടിൽ ഉത്പാദനം കുറഞ്ഞതിനാൽ തേങ്ങയുടെ വരവ് കുറഞ്ഞതും കൊപ്ര വില ഉയർന്നതുമാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്.

---- facebook comment plugin here -----

Latest