Connect with us

Kerala

മഴക്കുറവ് 43 ശതമാനം; സംഭരണികളിൽ വെള്ളം കമ്മി

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്ന സാഹചര്യത്തിൽ ജലനിയന്ത്രണത്തിന് സാധ്യത. വൈദ്യുതി പ്രതിസന്ധിക്കൊപ്പം, കുടിവെള്ളം, കൃഷി തുടങ്ങിയ മേഖലകളേയും മഴക്കുറവ് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ ഒന്ന് മുതൽ ജൂലൈ 10 വരേയുള്ള കാലയളവിൽ കേരളത്തിൽ 43 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശരാശരി പ്രതീക്ഷിച്ചിരുന്ന 890.9 മി. മീറ്റർ മഴയുടെ സ്ഥാനത്ത് ലഭിച്ചതാകട്ടെ 510.2 മി. മീറ്റർ മഴയും. സംസ്ഥാനത്തെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. 56 ശതമാനം മഴയുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലയളവിൽ ഇടുക്കിയിൽ ശരാശരി 1058.7 മി. മീറ്റർ മഴയാണ് ലഭിക്കുക.
എന്നാൽ ഇത്തവണ ഇത് 463.4 മി.മീറ്ററായി കുറഞ്ഞു. 687.8 മി. മീറ്റർ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ 334.3 മി. മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. അതായത് പ്രതീക്ഷിച്ചതിലും 51 ശതമാനം കുറവ്. വയനാട്ടിൽ 1028.1 മി. മീറ്റർ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 495.2 മി. മീറ്റർ മഴയാണ് ലഭിച്ചത്. ലക്ഷദ്വീപിൽ മഴയുടെ അളവിൽ 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 434 മി. മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 261.7 മി. മീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം മഴ ലഭിച്ചത് കോഴിക്കോടാണ്. 81.4 മി. മീറ്റർ. കാസർകോട് ഹോസ്ദുർഹിൽ 76.6 മി. മീറ്റർ മഴയും മലപ്പുറം മഞ്ചേരിയിൽ 76 മി. മീറ്റർ മഴയും ലഭിച്ചു.

സംസ്ഥാനത്തെ കെ എസ് ഇ ബിയുടെ ജലവൈദ്യുത പദ്ധതികളുടെ സംഭരണികളിൽ ശേഷിയുടെ 12 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ഇത് ഉപയോഗിച്ച് പരമാവധി ഉത്പാദനം നടത്തിയാൽ 486.44 ദശ ലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1592.81 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളത്തിന്റെ കുറവാണ് ഇത് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ചൊവാഴ്ച സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോത്പാദനം 7.72 ദശ ലക്ഷം യൂനിറ്റായി വെട്ടികുറച്ചിരുന്നു.

60.65 ദശ ലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിച്ചാണ് നിലവിലുള്ള പ്രതിസന്ധി തരണം ചെയ്തത്. അതേസമയം, വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ ബോർഡ് അടുത്ത ദിവസം തന്നെ യോഗം ചേരും. അണക്കെട്ടുകളിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ, ഓരോദിവസത്തേയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ് ഷെഡ്ഡിംഗ് സാധ്യതകൾ വിലയിരുത്താനാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ സംസ്ഥാനത്ത് ആദ്യമായി മൺസൂൺ കാലത്ത് വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്.

മഴ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ കേരളം കടുത്ത ജലക്ഷാമത്തിലേക്കെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിലും അറിയിച്ചിരുന്നു. ഏറ്റവുമധികം വരൾച്ച നേരിട്ട ജൂൺ, ജൂലൈ മാസമാണ് ഇത്തവണ കടന്നുപോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്നാണ് നിഗമനം. തെക്കുപടിഞ്ഞാറൻ മൺസൂൺ എത്താൻ വൈകിയതും വായു ചുഴലിക്കാറ്റിൽ മഴ ദുർബലമായതുമാണ് കേരളത്തിന് തിരിച്ചടിയായത്. മഴ ലഭ്യത ഇനിയും കുറഞ്ഞാൽ കാർഷിക മേഖല അടിമുടി തകരും. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ.