കര്‍ണാടക മുട്ടുകുത്തി; ജീർണിത രാഷ്ട്രീയം ഫൈനലില്‍

കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രാദേശിക സഖ്യ പരീക്ഷണത്തിന്റെ ഉത്പന്നമാണ് ദക്ഷിണേന്ത്യയില്‍ രൂപപ്പെട്ട കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാര്‍. ബദ്ധവൈരികളെ എത്ര തന്നെ ഏച്ചുകെട്ടിയാലും അധിക കാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കര്‍ണാടക തന്നെ ഇതിന് മുമ്പ് തെളിയിച്ചതാണ്. കോണ്‍ഗ്രസ്- ജെ ഡി എസ് കൂട്ടുകെട്ടിനെ എതിര്‍ക്കുന്ന സ്വന്തം പാളയത്തിനകത്ത് നിന്നുള്ളവര്‍ തന്നെയാണ് ഇപ്പോള്‍ സഖ്യസര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 13 മാസം പ്രായമായ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെങ്കില്‍, രാഷ്ട്രീയ ജീര്‍ണതയും സാമാന്യ മര്യാദകളുടെ നഗ്നമായ ലംഘനങ്ങളുമാണ് ഒരു പക്ഷേ ബാക്കിപത്രമായി കാണാന്‍ സാധിക്കുക. പണത്തിന്റെയും അധികാരത്തിന്റെയും അപ്പക്കഷ്ണത്തിന് മുന്നില്‍ രാഷ്ട്രീയ മൂല്യങ്ങള്‍ ബലി കഴിക്കപ്പെടുന്ന ദയനീയ ചിത്രമാണ് കഴിഞ്ഞ കുറേ നാളുകളായി കര്‍ണാടകയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളോട് യാതൊരു കൂറുമില്ലാതെ സ്വന്തം സ്ഥാനമാനങ്ങളിലും പണത്തോടുള്ള ആര്‍ത്തിയിലും ഭ്രമിച്ച് കൂറുമാറുന്ന സാമാജികര്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്കും നല്‍കുന്ന സന്ദേശമെന്താണെന്നതാണ് പ്രസക്തമായ ചോദ്യം. പണവും അധികാരവും സൃഷ്ടിക്കുന്ന മാസ്മരിക വലയത്തിന് മുന്നില്‍ സംശുദ്ധമായ പൊതു പ്രവര്‍ത്തനത്തിന് ഇടമില്ലെന്നത് ദേശീയ രാഷ്ട്രീയം മുമ്പ് തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. അതിന്റെ മറ്റൊരു ആപത്കരമായ മുഖമാണ് കര്‍ണാടകയിലൂടെ ഇന്ത്യന്‍ ജനത ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
Posted on: July 11, 2019 1:52 pm | Last updated: July 11, 2019 at 1:52 pm
സിദ്ധരാമയ്യയും കുമാര സ്വാമിയും

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമോ അതല്ല ബി ജെ പി ഭരണം പിടിക്കുമോ? ദേശീയ രാഷ്ട്രീയം ഇപ്പോള്‍ ഉത്തരം തേടുന്നത് ഈ ചോദ്യങ്ങള്‍ക്കാണ്. കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നതകളും പടലപ്പിണക്കങ്ങളും പൊട്ടിത്തെറിയിലെത്തിയതോടെ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ ഏത് സമയവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. ഭരണപക്ഷത്ത് നിന്ന് രാജിവെച്ച എം എല്‍ എമാര്‍ സഖ്യത്തോട് ഗുഡ് ബൈ പറഞ്ഞ് മുംബൈയില്‍ കേന്ദ്രീകരിക്കുന്നു. വിമതരുമായി രണ്ടാംവട്ട അനുരഞ്ജന ചര്‍ച്ചക്കെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് വിമതരെ കാണാന്‍ സാധിക്കാതെ തിരിച്ചു വരേണ്ടി വന്നു.

വിമതരെ തങ്ങള്‍ക്കൊപ്പം എത്തിക്കാനുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണാതായതോടെ കാര്യങ്ങള്‍ കൈവിട്ടെന്ന് ഏതാണ്ട് സഖ്യ സര്‍ക്കാറും കണക്കു കൂട്ടുന്നു. ഇതിനിടയില്‍, നടപടി ക്രമങ്ങള്‍ പാലിക്കാതെ നല്‍കിയ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാജി അംഗീകരിക്കുന്നത് സ്പീക്കര്‍ നീട്ടിവെച്ചിരിക്കുകയാണ്. സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ബി ജെ പി, രാജി ഉടന്‍ സ്വീകരിക്കണമെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. മുംബൈയില്‍ കഴിയുന്ന വിമതര്‍ രാജി ഉടന്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. കര്‍ണാടക രാഷ്ട്രീയത്തില്‍ മഞ്ഞുരുകുന്ന ലക്ഷണമില്ലെന്ന് തെളിയിക്കുന്നതാണ് ഓരോ സംഭവ വികാസങ്ങളും.

കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രാദേശിക സഖ്യ പരീക്ഷണത്തിന്റെ ഉത്പന്നമാണ് ദക്ഷിണേന്ത്യയില്‍ രൂപപ്പെട്ട കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാര്‍. ബദ്ധവൈരികളെ എത്ര തന്നെ ഏച്ചുകെട്ടിയാലും അധിക കാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കര്‍ണാടക തന്നെ ഇതിന് മുമ്പ് തെളിയിച്ചതാണ്. കര്‍ണാടകയുടെ രാഷ്ട്രീയ ചരിത്രത്തിലൂടെ കണ്ണ് പായിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. കോണ്‍ഗ്രസ്- ജെ ഡി എസ് കൂട്ടുകെട്ടിനെ എതിര്‍ക്കുന്ന സ്വന്തം പാളയത്തിനകത്ത് നിന്നുള്ളവര്‍ തന്നെയാണ് ഇപ്പോള്‍ സഖ്യസര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ച് അധിക നാള്‍ കഴിയുന്നതിന് മുമ്പെ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അതിന്റെ ക്ലൈമാക്‌സിലെത്തി നില്‍ക്കുന്നത്. 13 മാസം പ്രായമായ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെങ്കില്‍, രാഷ്ട്രീയ ജീര്‍ണതയും പൊതു പ്രവര്‍ത്തനത്തില്‍ അവശ്യം പാലിക്കേണ്ട സാമാന്യ മര്യാദകളുടെ നഗ്നമായ ലംഘനങ്ങളുമാണ് ഒരു പക്ഷേ ബാക്കിപത്രമായി നമുക്ക് കാണാന്‍ സാധിക്കുക. പണത്തിന്റെയും അധികാരത്തിന്റെയും അപ്പക്കഷ്ണത്തിന് മുന്നില്‍ ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങള്‍ ബലി കഴിക്കപ്പെടുന്ന ദയനീയ ചിത്രമാണ് കഴിഞ്ഞ കുറേ നാളുകളായി കര്‍ണാടകയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ജനങ്ങളോട് യാതൊരു കൂറുമില്ലാതെ സ്വന്തം സ്ഥാനമാനങ്ങളിലും പണത്തോടുള്ള ആര്‍ത്തിയിലും ഭ്രമിച്ച് നാഴികക്ക് നാല്‍പ്പത് വട്ടം കൂറുമാറുന്ന നിയമസഭാ സാമാജികര്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്കും നല്‍കുന്ന സന്ദേശമെന്താണെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.

സഖ്യസര്‍ക്കാറില്‍ പങ്കാളിയായ കോണ്‍ഗ്രസിലും ജെ ഡി എസിലും നാളുകളായി തുടരുന്ന അനൈക്യമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ കലാശിച്ചതെന്നതില്‍ പക്ഷാന്തരമില്ല. നേരത്തെ ആജന്മ ശത്രുക്കളായി നിലകൊണ്ടിരുന്ന ഇരു കക്ഷികളും ഒരു നിര്‍ണായക ഘട്ടത്തിലാണ് കൈകോര്‍ത്തത്. സംസ്ഥാനത്ത് ബി ജെ പി അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്താണ് കോണ്‍ഗ്രസ് ജെ ഡി എസുമായി സഖ്യമുണ്ടാക്കിയതും സര്‍ക്കാര്‍ രൂപവത്കരിച്ചതും. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സഖ്യത്തിലുടലെടുത്ത ഭിന്നതകള്‍ സര്‍ക്കാറിന്റെ ദയനീയ പതനത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഭരണപക്ഷത്ത് നിന്ന് ഇതുവരെയായി 1 എം എല്‍ എമാരാണ് രാജിവെച്ച് പുറത്തുപോയത്. ദീര്‍ഘകാലം എം എല്‍ എയും മന്ത്രിയുമായി സേവന പാരമ്പര്യമുള്ള തലമുതിര്‍ന്ന നേതാക്കളും മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ പേരില്‍ സ്ഥാനം രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ മറുചേരിയിലേക്ക് പോകാന്‍ അവസരം കാത്തിരിക്കുകയാണ്. സര്‍ക്കാറില്‍ പങ്കാളിയായ ജനതാദള്‍- എസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ എ എച്ച് വിശ്വനാഥും എം എല്‍ എ സ്ഥാനം രാജിവെച്ച് ബി ജെ പി പക്ഷത്തേക്ക് പോകാനിരിക്കുന്നു. ജെ ഡി എസിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചത് വിശ്വനാഥായിരുന്നു. പിറ്റേദിവസം കേള്‍ക്കുന്നത് വിശ്വനാഥ് എം എല്‍ എ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തയാണ്. സിദ്ധരാമയ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സമീപ നാളില്‍ അദ്ദേഹം പാര്‍ട്ടി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ രണ്ട് സ്വതന്ത്രരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത് കഴിഞ്ഞ മാസമായിരുന്നു. ആര്‍ ശങ്കറിനെയും എച്ച് നാഗേഷിനെയുമാണ് മന്ത്രിമാരാക്കിയത്. എന്നാല്‍, വിമതരോടൊപ്പം ഇവരും മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് ബി ജെ പി കൂടാരത്തിലേക്ക് ചേക്കേറിയിരിക്കുന്നു. കോടികള്‍ വാഗ്ദാനം ചെയ്ത് യെദ്യൂരപ്പയുടെ പി എ തങ്ങളെ ബി ജെ പിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് സ്വതന്ത്രര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന രാജി പരമ്പരകള്‍ കര്‍ണാടകയില്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ എം എല്‍ എമാര്‍ രാജി പ്രഖ്യാപനവുമായി രംഗത്ത് വരാനിരിക്കുന്നു. അനുരഞ്ജന നീക്കങ്ങളൊന്നും ലക്ഷ്യം കാണാത്ത സ്ഥിതി വന്നതോടെ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി ജെ പിയും കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. എം എല്‍ എമാര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സഖ്യസര്‍ക്കാര്‍ ഇനി അധികനാള്‍ ഉണ്ടാകില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. പണവും അധികാരവും സൃഷ്ടിക്കുന്ന മാസ്മരിക വലയത്തിന് മുന്നില്‍ സംശുദ്ധമായ പൊതു പ്രവര്‍ത്തനത്തിന് ഇടമില്ലെന്നത് ദേശീയ രാഷ്ട്രീയം ഇതിന് മുമ്പ് തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. അതിന്റെ മറ്റൊരു ആപത്കരമായ മുഖമാണ് കര്‍ണാടകയിലൂടെ ഇന്ത്യന്‍ ജനത ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് വേണം പറയാന്‍.
വിലയേറിയ സമ്മതിദാനാവകാശം എന്ന പ്രയോഗം ഉപയോഗിച്ച് പഴകിയതാണ്. സമ്മതിദാനാവകാശത്തിന് കല്‍പ്പിച്ച് വെച്ചിരിക്കുന്ന ഈ മൂല്യം ജനപ്രതിനിധികള്‍ തന്നെ ചവിട്ടിമെതിക്കുന്ന സ്ഥിതിവിശേഷം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് സൃഷ്ടിച്ചിരിക്കുന്ന കളങ്കം വളരെ വലുതാണ്. പൊതു പ്രവര്‍ത്തനത്തില്‍ അനുവര്‍ത്തിക്കേണ്ട സാമാന്യ മര്യാദകളും നീതിയും കാറ്റില്‍ പറത്തി ജനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തിന് നല്ല വളക്കൂറുള്ള മണ്ണായി മാറിയിട്ടുണ്ട് കര്‍ണാടക. 2018 മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ ഗവര്‍ണര്‍ വജുഭായ് വാലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ഇതിനിടയിലാണ് ബി ജെ പി അധികാരത്തിലെത്തുന്നത് തടയാന്‍ ജെ ഡി എസുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയായത്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. നിയമ യുദ്ധത്തിനൊടുവില്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാനായിരുന്നു കോടതി ഉത്തരവ്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് മുന്‍കൂട്ടി കണ്ട ബി ജെ പി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ അതിന് കാത്തു നില്‍ക്കാതെ സഭ വിട്ടിറങ്ങുന്നതും കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം കേവല ഭൂരിപക്ഷം നേടി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുന്നതും ദേശീയ രാഷ്ട്രീയം കണ്ടു. ഭാവിയില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് തടയാനാണ് മുഖ്യമന്ത്രിപദം ജെ ഡി എസിന് നല്‍കി കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കോണ്‍ഗ്രസില്‍ നിന്ന് തന്നെ സര്‍ക്കാറിനെതിരെ അപസ്വരങ്ങള്‍ ഉയരുകയായിരുന്നു. കുമാരസ്വാമിയെ ഭരിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് നിരവധി തവണ നിര്‍ദേശിക്കുകയുണ്ടായി. എന്നിട്ടും അവസരം കിട്ടുമ്പോഴെല്ലാം ഭരണത്തില്‍ അസ്ഥിരതയുണ്ടാക്കാനാണ് കോണ്‍ഗ്രസ് തയ്യാറായത്. കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജെ ഡി എസുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്നും വരെ അടുത്ത നാളില്‍ സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് ശേഷം സഖ്യം ആടിയുലയാന്‍ തുടങ്ങി. കര്‍ണാടകയില്‍ ആകെയുള്ള 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ 25ഉം ബി ജെ പി നേടിയപ്പോള്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് ഓരോ സീറ്റുകള്‍ വീതം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ജെ ഡി എസുമായി സഖ്യമുണ്ടാക്കിയത് പരാജയത്തിനിടയാക്കിയെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് പരാജയ കാരണമെന്ന് ജെ ഡി എസും ആരോപിക്കാന്‍ തുടങ്ങിയതോടെയാണ് തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമായിത്തീര്‍ന്നത്. സമീപ കാലത്ത് നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ കോണ്‍ഗ്രസ് എം എല്‍ എ രമേശ്ജാര്‍ക്കിഹോളിയെ തഴഞ്ഞതോടെ അദ്ദേഹവും സര്‍ക്കാറിനും സഖ്യത്തിനുമെതിരെ പരസ്യമായി ശബ്ദിച്ചു തുടങ്ങി. ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ വിമത വിഭാഗം ശക്തമാകുമ്പോഴും അനുനയ നീക്കങ്ങളിലൂടെ ഇവരെ ഒപ്പം കൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല. ഏറ്റവും ഒടുവില്‍ ഇവര്‍ എം എല്‍ എ സ്ഥാനം രാജിവെക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. മന്ത്രിസഭയില്‍ ഇടം ലഭിക്കാത്ത മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഢിയും ബി സി പാട്ടീലും ഉള്‍പ്പെടെയുള്ളവരും സര്‍ക്കാറുമായി തെറ്റിപ്പിരിഞ്ഞു.

മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെ രാജിവെപ്പിച്ച് പകരം വിമതരെ മന്ത്രിമാരാക്കാമെന്ന് നേരത്തെ കുമാരസ്വാമി നിര്‍ദേശം മുന്നോട്ട് വെച്ചപ്പോള്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സിദ്ധരാമയ്യ സ്വീകരിച്ചത്. സിദ്ധരാമയ്യയുടെയും കൂട്ടരുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സഖ്യസര്‍ക്കാറിനെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ അഞ്ച് വര്‍ഷം കാലാവധി തികക്കുമെന്ന് ഇരുപക്ഷത്തെയും നേതാക്കള്‍ ആണയിടുമ്പോഴും സര്‍ക്കാറിനെ താഴെയിറക്കാനാണ് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി പദ്ധതി ആസൂത്രണം ചെയ്തത്. രാജിവെച്ച കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യ പക്ഷക്കാരാണെന്നത് ഇക്കാര്യം പകല്‍ പോലെ വ്യക്തമാക്കുന്നു. സര്‍ക്കാറിനെ താഴെയിറക്കാനുള്ള ഓപറേഷന്‍ കമലയുമായി ഇനി മുന്നോട്ട് പോകില്ലെന്നും സര്‍ക്കാര്‍ താനേ വീഴുമെന്നും അപ്പോള്‍ സര്‍ക്കാറുണ്ടാക്കാന്‍ തയ്യാറാകുമെന്നുമാണ് ബി ജെ പി സ്വീകരിച്ച നിലപാട്.

കോണ്‍ഗ്രസിന് ഭരണത്തില്‍ പങ്കാളിത്തമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക. ഇപ്പോഴത്തെ സാഹചര്യത്തില്‍ കര്‍ണാടകയും കോണ്‍ഗ്രസിന് നഷ്ടമായാല്‍ ഇനിയൊരു തിരിച്ചുവരവ് എന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വന്‍ വെല്ലുവിളിയായി മാറാനാണ് സാധ്യത. രാജ്യത്തെ മൂന്നോ നാലോ സംസ്ഥാനങ്ങള്‍ ഒഴിച്ച് മറ്റെല്ലായിടങ്ങളിലും ബി ജെ പിയും അവരുടെ മുന്നണിയായ എന്‍ ഡി എയുമാണ് ഭരണം നടത്തുന്നത്. കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ സഖ്യത്തിന് സാധിക്കാതെ വരികയാണെങ്കില്‍ ബി ജെ പിക്ക് അധികാരത്തിലെത്താനുള്ള വഴി തെളിയുകയും ദക്ഷിണേന്ത്യയിലേക്കുള്ള അവരുടെ സാന്നിധ്യത്തിന് ഇതോടെ തുടക്കമാകുകയും ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ കൈപ്പിടിയിലുള്ള കര്‍ണാടക ഭരണവും നഷ്ടമാകുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ഉത്തര്‍പ്രദേശിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് ശുദ്ധികലശത്തിന് ദേശീയ നേതൃത്വം തയ്യാറെടുക്കുമ്പോഴാണ് കര്‍ണാടകയില്‍ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയുണ്ടായിരിക്കുന്നത്. കാവിമുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് ഇന്ത്യയില്‍ കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളെ നേരിട്ടത്. എന്നാല്‍, ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിനെ പോലും തീരുമാനിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസിന്റെ അംഗസംഖ്യ കുറഞ്ഞുവരികയും ചെയ്തു. നഷ്ടപ്പെട്ട ജനകീയാടിത്തറ ശക്തമാക്കാനും ജനവിശ്വാസം ആര്‍ജിച്ച് മുന്നോട്ട് പോകാനും തയ്യാറാകാത്തതാണ് കര്‍ണാടക ഉള്‍പ്പെടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണമെന്നതില്‍ തര്‍ക്കമില്ല. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനോ, തങ്ങളുടെ കൈവശമുള്ള സംസ്ഥാന ഭരണം നിലനിര്‍ത്താനോ കഴിയാതെ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കോണ്‍ഗ്രസ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കര്‍ണാടക.