യു ഡി എഫ് വിജയത്തില്‍ പിണറായിക്ക് മുഖ്യ പങ്ക്: മുല്ലപ്പള്ളി

Posted on: July 11, 2019 8:44 am | Last updated: July 11, 2019 at 12:42 pm

പത്തനംതിട്ട:കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനു മികച്ച വിജയം സമ്മാനിച്ചതില്‍ പിണറായി വിജയനുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയനോട് നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്തനംത്തിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം ഉണ്ടായില്ലെങ്കില്‍ സി പി എം നിലനില്‍ക്കില്ല. തികഞ്ഞ അപകര്‍ഷതാ ബോധത്തിന്റെ തടവറയിലാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വര്‍ഷങ്ങളായി പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു ക്ഷീണിച്ചവരും മടുത്തവരും അടുത്ത തലമുറയ്ക്കായി വഴിമാറണം. വഴിമാറുന്നവര്‍ എങ്ങും പോകേണ്ട, ക്ഷീണം മാറുന്നതുവരെ മാറി നിന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വണ്‍മാന്‍ ഷോയല്ല, കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്കു വേണ്ടത്. ആരും മോശക്കാരല്ല. വ്യക്തി ശുദ്ധിയുള്ളവര്‍ വേണം നേതൃ സ്ഥാനത്തു വരേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിനു തുടര്‍ച്ചയില്ലാതെ പോയതു കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പു കൊണ്ടാണ്. ഇത്രയേറെ ജനഹൃദയം കീഴടക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോളം കേരളത്തിലുണ്ടായിട്ടില്ല.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വൈദ്യുതി ചാര്‍ജ് കൂട്ടിയതിന് പുറമെ . പാവപ്പെട്ടവരുടെ ചികിത്സാ പദ്ധതി നിര്‍ത്തലാക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെയും കോണ്ഗ്രസ് ശക്തമായ സമരം തുടങ്ങുമെന്നും മുല്ലപ്പള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.