Connect with us

Gulf

യാത്രക്കാരുടെ സന്തുഷ്ടി വര്‍ധന: ദുബൈ വിമാനത്താവളത്തില്‍ റിയല്‍ ടൈം നിരീക്ഷണ സംവിധാനം

Published

|

Last Updated

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സന്തുഷ്ടി വര്‍ധിപ്പിക്കുന്നതിനായി അത്യാധുനിക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ കെട്ടിടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വിമാനങ്ങളുടെ സര്‍വീസുകള്‍, അതിനായി മികച്ച രീതിയിലൊരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത എന്നിവ അളക്കുന്നതിനായാണ് റിയല്‍-ടൈം ദൃശ്യമികവോടെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 50ല്‍ പരം സംവിധാനങ്ങളുടെ പ്രവര്‍ത്തനം മൊത്തമായി നിരീക്ഷണ വിധേയമാക്കുന്നതോടൊപ്പം തത്സമയ സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്തി വിമാനത്താവളത്തില്‍ സംഭവിക്കാവുന്ന അപകടങ്ങളെയും വെല്ലുവിളികളെയും മുന്‍കൂട്ടി ഇത് പ്രവചിക്കും.

വിമാനത്താവളത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ എളുപ്പമാണ്. സുഖമമായ പ്രവര്‍ത്തനത്തിന് സഹകാരികളായുള്ള എല്ലാ കമ്പനികളുടെ സേവനങ്ങളെയും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയും. കാര്യക്ഷമമായ പ്രവര്‍ത്തനമേഖല ഒരുക്കുന്നതിന് സഹകാരികളെ കൂടുതല്‍ പ്രേരിപ്പിക്കുന്നതിനും ഇത്തരം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വഴിയൊരുങ്ങും. അടിയന്തര ഘട്ടങ്ങളില്‍ എല്ലാ മേഖലയിലുള്ള സേവന ദാതാക്കളുടെ സേവനങ്ങളെ മികച്ച രീതിയില്‍ ഏകീകരിക്കാനും യാത്രക്കാര്‍ക്ക് സുഖമായ യാത്രാനുഭവം സമ്മാനിക്കാനും ഇതിലൂടെ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ദാമിന്‍ എല്ലാകോട്ട് പറഞ്ഞു.