കര്‍ണാടകക്കു പിന്നാലെ ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി: പാര്‍ട്ടിയുടെ 10 എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്

Posted on: July 10, 2019 9:31 pm | Last updated: July 11, 2019 at 9:55 am

പനാജി: കര്‍ണാടകക്കു പിന്നാലെ ഗോവയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ പത്ത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചു. ഇവര്‍ ബി ജെ പിയിലേക്കു പോകുമെന്നാണ് വിവരം. കോണ്‍ഗ്രസ് വിടുകയാണെന്ന് കാണിച്ച് പത്ത് എം എല്‍ എമാരും നിയമസഭാ സ്പീക്കര്‍ രാജേഷ് പട്‌നേകറിനെ കണ്ട് കത്തു നല്‍കി. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബ എന്നിവര്‍ക്കൊപ്പമാണ് എം എല്‍ എമാര്‍ സ്പീക്കറെ കണ്ടത്.

ഗോവയിലെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങള്‍ മാത്രമാണുള്ളത്. രാജിവച്ചവര്‍ ബി ജെ പിയില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങും. ഭരണത്തിലുള്ള ബി ജെ പിക്ക് 17 അംഗങ്ങളുണ്ട്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി ജെ പി സംസ്ഥാനത്ത് ഭരണം പിടിച്ചത്.