സര്‍ക്കാറിനെ പിരിച്ചുവിടണം; യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് കത്ത് നല്‍കി

Posted on: July 10, 2019 2:43 pm | Last updated: July 10, 2019 at 7:54 pm

ബെംഗളുരു: സഖ്യ സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി എസ് യെദ്യൂരപ്പയും സംഘവും ഗവര്‍ണറെ കണ്ടു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട യെദ്യൂരപ്പ ഈ ആവശ്യം ഉന്നയിച്ച് നിവേദനവും നല്‍കി. നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള നാല് പേജുള്ള കത്താണ് യെദ്യൂരപ്പ് ഗവര്‍ണര്‍ക്ക് കൈമാറിയത്.

വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യമില്ലെന്നും സര്‍ക്കാറിന് ഇപ്പോള്‍ തന്നെ ഭൂരിപക്ഷം നഷ്ടമായെന്നും കത്തില്‍ പറയുന്നു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ തുടരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട യെദ്യൂരപ്പ മന്ത്രി ഡി എ ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും ഗവര്‍ണറെ അറിയിച്ചു. അതേ സമയം കര്‍ണാടക ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആരോപിച്ചു. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ അധികാരം സ്പീക്കര്‍ക്കാണെന്നും ഗവര്‍ണര്‍ അധികാര പരിധി ലംഘിക്കുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു. വിമത എംഎല്‍എമാരുടം രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനോടുള്ള പ്രതികരമാണായാണ് വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്.