പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും-മന്ത്രി എംഎം മണി

Posted on: July 9, 2019 7:03 pm | Last updated: July 9, 2019 at 7:06 pm

തൊടുപുഴ: പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി എംഎം മണി.പ്രതിസന്ധി മറികടക്കാന്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എങ്കിലും നിലവിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ജുലൈ 15വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്നായിരുന്നു കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള നേരത്തെ പറഞ്ഞിരുന്നത്. കേന്ദ്ര നിലയത്തില്‍നിന്നും വൈദ്യുതി ലഭ്യമാകാതിരുന്നാല്‍ മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്തുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.