‘ബാറുകളിലാണ് ബി ജെ പി മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്

Posted on: July 9, 2019 6:15 pm | Last updated: July 9, 2019 at 7:58 pm

ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബാറുകളിലിരുന്നാണ് ബി ജെ പി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ഭരണ പ്രതിസന്ധിക്കു പിന്നില്‍ ബി ജെ പിയാണ്. യെദ്യുരപ്പയുടെ അസിസ്റ്റന്റാണ് സര്‍ക്കാറിലെ വിമതരെ മുബൈയിലേക്കു കടത്തിയത്. എം എല്‍ എമാരെ ഹൈജാക്ക് ചെയ്യുന്ന ഈ തന്ത്രം തന്നെയാണ് നേരത്തെ മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബി ജെ പി പയറ്റിയത്.

കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ച സ്വതന്ത്ര എം എല്‍ എ. എച്ച് നാഗേഷ് ഇത് വെളിപ്പെടുത്തിയിരുന്നുവെന്നും ആസാദ് പറഞ്ഞു. തിങ്കളാഴ്ച സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച നാഗേഷ് കര്‍ണാടക ബി ജെ പി അധ്യക്ഷന്‍ ബി എസ് യെദ്യുരപ്പയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനൊപ്പം പ്രത്യേക വിമാനത്തില്‍ മുബൈയിലേക്കു പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തന്നെ ബി ജെ പിക്കാര്‍ തട്ടിക്കൊണ്ടു പോയതാണെന്ന് നാഗേഷ് ഫോണിലൂടെ പരാതിപ്പെട്ടതായി കര്‍ണാടക കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍ ഡി കെ ശിവകുമാറും ആരോപിച്ചിരുന്നു.