കര്‍ണാടകയിലെ വിമതരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ ശിപാര്‍ശ

Posted on: July 9, 2019 12:50 pm | Last updated: July 9, 2019 at 4:49 pm

ബംഗളൂരു: നിയമസഭാ കക്ഷി യോഗത്തില്‍ എത്താത്ത കോണ്‍ഗ്രസ് എം എല്‍ എമാരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ശിപാര്‍ശ ചെയ്ത് കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് ശിപാര്‍ശ ചെയ്തതെന്ന് മുതിര്‍ന്ന നേതാവ് സിദ്ദരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. മുബൈയിലുള്ള വിമത എം എല്‍ എമാരെ അയോഗ്യരാക്കാനാണ് സ്പീക്കറോട് ശിപാര്‍ശ ചെയ്തത്. ഇവര്‍ക്ക് പുറമെ എട്ട് എം എല്‍ എമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇവരില്‍ ആറ് പേര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. വിശദീകരണം നല്‍കിയവരെ ഒവിവാക്കിയാണ് മറ്റുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നത്.

എം എല്‍ എമാരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി എടുത്ത തീരുമാനം അധ്യക്ഷന്‍ സംസ്ഥാന മുഖ്യമന്ത്രിയെ അറിയിക്കും. പാര്‍ട്ടി ശിപാര്‍ശ ചെയ്ത മുറക്ക് ഇനി സ്പീക്കറാണ് വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. അയോഗ്യരാക്കാനുള്ള പാര്‍ട്ടി തീരുമാനം സ്പീക്കര്‍ അംഗീകരിച്ചാല്‍ വിമത എം എല്‍ എമാര്‍ക്ക് മന്ത്രിമാരാകാനികില്ലെന്നും സിദ്ദരാമയ്യ പറഞ്ഞു.

സ്പീക്കര്‍ നടപടി എടുക്കുന്നതിന് മുമ്പായി ഇനിയും വേണമെങ്കില്‍ വിമതര്‍ക്ക് മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു