Connect with us

Saudi Arabia

ബഹ്റൈനില്‍ സ്വദേശിയെ വഞ്ചിച്ചു മലയാളി മുങ്ങി; സഹായം തേടി സ്വദേശിയുടെ വാര്‍ത്താ സമ്മേളനം

Published

|

Last Updated

ബഹ്റൈന്‍: ബഹ്റൈനില്‍ സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തിയ മലയാളി യുവാവ് പണവുമായി മുങ്ങിയെന്ന് പരാതി. കോഴിക്കോട് മണിയൂര്‍ സ്വദേശി സുനിലാബ് എന്ന യുവാവ് 47,000 ബഹ്റൈന്‍ ദിനാറുമായി (എണ്‍പത്തി അഞ്ച് ലക്ഷം ഇന്ത്യന്‍ രൂപ) മുങ്ങിയതായാണ് സ്വദേശി യാസര്‍ മുഹമ്മദ് ഖബറിന്റെ പരാതി. ഇതേ തുടര്‍ന്ന് ബഹ്റൈന്‍ പോലീസില്‍ പരാതി നല്‍കിയതായി സ്വദേശി യാസര്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യാസര്‍ മുഹമ്മദ് ബഹ്റൈനിലെ ഈസാ ടൗണില്‍ ഇലക്ട്രിക് സ്ഥാപനം ആരംഭിച്ചത്. തന്റെ സ്ഥാപനത്തില്‍ നൂറിലധികം മലയാളികളാണ് ജോലി ചെയ്ത് വരികയായിരുന്നു. സ്ഥാപനത്തിന്റെ പര്‍ച്ചേസ് മാനേജരായി ജോലിചെയ്ത വളരെ മാന്യമായി ഇടപഴകിയിരുന്ന മലയാളി യുവാവ് ഇതിനകം തന്നെ സ്വദേശിയുടെ വിശ്വസ്തനായി മാറുകയും ചെയ്തു.

സുനിലാബ്

യാസര്‍ മുഹമ്മദ്

കഴിഞ്ഞ മൂന്നു വര്‍ഷമായി വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന തന്റെ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഒപ്പിട്ട ചെക്കുകള്‍ ബാങ്കില്‍ നിന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മടങ്ങിയതോടെയാണ് താന്‍ വഞ്ചിക്കപെട്ട വിവരം യാസര്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് മുഴുവന്‍ ചെക്കുബുക്കുകളും തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

47,000 ദിര്‍ഹമിന്റെ ചെക്കുകള്‍ നല്‍കി വാങ്ങിയ സാധനങ്ങളും മറ്റ് സ്ഥാപനത്തിലെ വസ്തുക്കളും കുറഞ്ഞ വിലക്ക് വിറ്റ് യുവാവ് കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് യാസര്‍ മുഹമ്മദ് പറഞ്ഞു. നിരവധി തവണ സുഹൃത്തുക്കള്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടില്‍ എത്തിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചതെന്ന് യാസര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ അഷ്റഫ്, നൂറുദ്ധീന്‍, ചെമ്പന്‍ ജലാല്‍ എന്നിവരും പങ്കെടുത്തു.

Latest