ക്രൂരം ഈ അവഗണന

Posted on: July 8, 2019 11:01 am | Last updated: July 8, 2019 at 11:01 am


രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒന്നാം ബജറ്റ് രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് മേല്‍ കനത്ത ആഘാതമായിരിക്കുകയാണ്. വരുമാന സ്രോതസ്സുകള്‍ തേടിയുള്ള യാത്രയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സെസുകളെ കൂട്ടുപിടിച്ചപ്പോള്‍ ഇന്ധന വില കുതിച്ചുയരുകയാണ്. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തുന്നത് വിലക്കയറ്റത്തിന് വഴി വെക്കും. അവശ്യ സാധനങ്ങള്‍ക്ക് ഏറെയും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തില്‍ ഡീസല്‍ വില വര്‍ധന ചരക്ക് കൂലി ഉയരാനും ഇതുവഴി വിലക്കയറ്റത്തിനും ഇടയാക്കും. സെസിലൂടെയാണ് വില വര്‍ധനയെന്നതിനാല്‍ അധിക വരുമാനത്തിന്റെ ആനുകൂല്യം സംസ്ഥാന ഖജനാവിന് ലഭിക്കുകയുമില്ല.

ബജറ്റ് നിര്‍ദേശങ്ങള്‍ വന്‍കിട സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള ധീരമായ ചുവടുവെപ്പായി വ്യാഖ്യാനിക്കുമ്പോഴും വിവിധ മേഖലകളെ ഒറ്റക്കൊറ്റക്കെടുത്ത് പരിശോധിച്ചാല്‍ സാമ്പത്തിക സ്തംഭനാവസ്ഥക്കുള്ള നിരവധി കാരണങ്ങള്‍ കാണാനാകും. ജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിച്ച പ്രളയം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. അവ മറികടക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ ഘട്ടത്തില്‍ ഏറെ ആശ്വാസങ്ങള്‍ പ്രഖ്യാപിക്കുകയും പൊതു ഉണര്‍വുണ്ടാക്കുന്ന ബജറ്റ് വരികയും ചെയ്യുമെന്നാണ് സംസ്ഥാനം പ്രതീക്ഷിച്ചത്.

ഇടുങ്ങിയ രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്ര സര്‍ക്കാര്‍ ഈ ദിശയില്‍ ചിലത് ചെയ്യുമെന്ന് വിദഗ്ധരെല്ലാം പ്രത്യാശ പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രളയാനന്തര വിഭവ സമാഹരണ ശ്രമങ്ങളോട് മുഖം തിരിഞ്ഞു നിന്ന കേന്ദ്ര സര്‍ക്കാര്‍ ഈ രണ്ടാമൂഴത്തിലും അതേ നിലപാട് തുടരുന്നുവെന്നാണ് ബജറ്റ് നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പാക്കേജ് വേണമെന്നായിരുന്നു കേരളം മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിനായി വിശദമായ പദ്ധതിയും സമര്‍പ്പിച്ചു. ലോക ബേങ്കും ഐക്യരാഷ്ട്രസഭാ വിദഗ്ധരും തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇത് കണക്കിലെടുത്തില്ലെന്ന് മാത്രമല്ല, വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റീബില്‍ഡ് കേരള പദ്ധതിക്കായി എടുക്കുന്ന വായ്പകള്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ജി എസ് ടി കൗണ്‍സിലില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും സമാന നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും കേരളത്തിന് അനുവദിച്ചിരുന്ന കടമെടുപ്പ് പരിധി തന്നെ കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ഇത് മൂലം 6,000 കോടി രൂപയുടെ കുറവ് വായ്പയില്‍ ഉണ്ടാകും. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ധനമന്ത്രിക്ക് മുന്നിലും പ്രധാനമന്ത്രിക്ക് മുന്നിലും വെച്ചിരുന്നുവെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാല്‍ ബജറ്റ് വന്നപ്പോള്‍ കടമെടുപ്പ് പരിധി ഉയര്‍ത്തിയില്ല.

സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് അടക്കമുള്ള ആവശ്യങ്ങളില്‍ നിര്‍മലാ സീതാരാമന്റെ ബജറ്റും മൗനം തുടരുകയാണ്. നിപയുടെ പശ്ചാത്തലത്തില്‍ വൈറോളജി ലാബ് എന്ന അടിയന്തര ആവശ്യത്തോടും മുഖം തിരിച്ചു. കശുവണ്ടി ബോര്‍ഡിനും സമുദ്രോത്പന്ന കയറ്റുമതി ബോര്‍ഡിനും അനുവദിച്ച തുകയും കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ്. കശുവണ്ടി ബോര്‍ഡിന് കഴിഞ്ഞ ബജറ്റില്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നത് ഒരു കോടി രൂപയായി കുറഞ്ഞു.

ദേശീയ പാതാ വികസനത്തിന് ബജറ്റില്‍ പ്രാധാന്യം നല്‍കിയതിന്റെ പ്രയോജനം കേരളത്തിനും ലഭിക്കാമെങ്കിലും സംസ്ഥാനത്തിന് മാത്രമായി പ്രത്യേക നീക്കിയിരിപ്പോ പദ്ധതിയോ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിനും പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെ കുറിച്ച് പരാമര്‍ശം പോലും ബജറ്റിലില്ല. ശബരി റെയില്‍ പാത, റെയില്‍വേ പ്രത്യേക സോണ്‍, തിരുവനന്തപുരം- കാസര്‍കോട് അധിക റെയില്‍വേ ലൈന്‍ തുടങ്ങിയവയായിരുന്നു റെയില്‍വേ മേഖലയില്‍ കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍. കണ്ണൂരിലെ രാജ്യാന്തര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രം ഗൗനിച്ചില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര വിഹിതമില്ലെന്നത് അവഗണനയുടെ ഏറ്റവും വലിയ നിദര്‍ശനമാണ്. ചില സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിയ വിഹിതത്തില്‍ നിന്ന് കുറവ് വരുത്തി. കൊച്ചി ഷിപ്പ്‌യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞ വര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്റെത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രവാസി സമൂഹത്തിനുള്ള സമ്മാനം ആധാര്‍ കാര്‍ഡില്‍ ഒതുങ്ങി.
ഇറക്കുമതി ചെയ്യുന്ന ന്യൂസ് പ്രിന്റിന് തീരുവ കൂട്ടാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. പ്രതിസന്ധി മൂലം എച്ച് എന്‍ എല്‍ ഉത്പാദനം നിര്‍ത്തിയ സാഹചര്യത്തില്‍ ഇറക്കുമതി ന്യൂസ് പ്രിന്റ് ആണ് കൂടുതല്‍ മാധ്യമങ്ങളും ഉപയോഗിക്കുന്നത്.

തീരുവ വര്‍ധിക്കുന്നത് മൂലം വില ഉയരുന്നത് ഈ മേഖലയെയും ബാധിക്കും. ഇപ്പോഴും അച്ചടി മാധ്യമങ്ങള്‍ക്ക് നല്ല വയനാ സമൂഹമുള്ള കേരളത്തിലാണ് ഈ പ്രതിസന്ധി ഏറെ പ്രത്യാഘാതമുണ്ടാക്കുക. ഇങ്ങനെ നോക്കുമ്പോള്‍ ക്രൂരമായ അവഗണനയുടെ ഇരയാണ് കേരളമെന്ന് വ്യക്തമാകും. ഇതില്‍ രാഷ്ട്രീയ പകപോക്കലിന്റെ അംശം തീരെയില്ലെന്ന് വിശ്വസിക്കാന്‍ ആരും തയ്യാറാകുമെന്ന് തോന്നുന്നില്ല. കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളാണ് ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന് തയ്യാറാകേണ്ടത്. അവര്‍ പോസിറ്റീവ് രാഷ്ട്രീയത്തിലേക്ക് ചുവടു മാറട്ടെ. കേരളത്തില്‍ നിന്ന് രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പേരുടെയും പ്രതിഷേധം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. ഇവിടെ നിന്നുള്ള എം പിമാര്‍ ഒറ്റക്കെട്ടായി പാര്‍ലിമെന്റില്‍ ശബ്ദമുയര്‍ത്തുകയും വേണം.