Connect with us

Ongoing News

മറക്കരുത് മാറക്കാനയാണ്‌ !

Published

|

Last Updated

1950 ജൂലൈ 16. ബ്രസീലിന്റെ തലസ്ഥാന നഗരിയായ റിയോ ഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തിലേക്ക് ജനം ഒഴുകുകയാണ്. ലോകകപ്പ് ഫൈനലില്‍ ബ്രസീലും ഉറുഗ്വെയും ഏറ്റുമുട്ടുന്നത് കാണാനുള്ള തിടുക്കം. അല്ല, ബ്രസീല്‍ ആദ്യമായി ലോകഫുട്‌ബോള്‍ ചാമ്പ്യന്‍മാരാകുന്നത് കാണാനുള്ള തിടുക്കമായിരുന്നിരിക്കണം. ബ്രസീലുകാര്‍ വിശ്വസിച്ചത് മാറക്കാന അവര്‍ക്ക് സാംബാ നൃത്തച്ചുവടുകളുമായി അര്‍മാദിക്കാനുള്ള സ്വപ്‌നരാവ് സമ്മാനിക്കുമെന്നാണ്. അതിനവരെ കുറ്റം പറയാനൊക്കില്ല. ബ്രസീലിന് പുറമെ, ഉറുഗ്വെയും സ്‌പെയിനും സ്വീഡനും ഫൈനല്‍ റൗണ്ട് കളിച്ച ലോകകപ്പില്‍ അവരുടെ സ്വപ്‌നടീമിന് എതിരില്ലായിരുന്നു.

ഗ്രൂപ്പ് റൗണ്ടിലെ ചാമ്പ്യന്‍മാരായാണ് നാല് ടീമുകളും ഫൈനല്‍ റൗണ്ടിലെത്തിയത്. ഇംഗ്ലണ്ടും ചിലിയും യു എസ് എയും ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ ചാമ്പ്യന്‍മാരാണ് സ്‌പെയിന്‍. മൂന്ന് കളിയും ജയിച്ചാണ് വരവ്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് സ്വീഡന്‍ കളിച്ചത്. ഇന്ത്യന്‍ പിന്‍മാറിയതോടെ ഇറ്റലി, പാരഗ്വായ് ടീമുകള്‍ മാത്രമായി. ഒരു ജയവും സമനിലയുമായി സ്വീഡനും കടന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ അട്ടിമറിച്ചവര്‍ എന്ന വിശേഷണവും സ്വീഡനെ മറ്റൊരു ലെവലില്‍ എത്തിച്ചു. ഫ്രാന്‍സ് പിന്‍മാറിയതോടെ ഉറുഗ്വെയും ബൊളിവിയയും മാത്രമായി ഒരു ഗ്രൂപ്പില്‍. അവര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഉറുഗ്വെ 2-0ന് ജയിച്ച് ഫൈനല്‍ റൗണ്ടിലെത്തി. ബ്രസീലാകട്ടെ യുഗോസ്ലാവിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സിക്കോ ടീമുകളെ മറികടന്നാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. മെക്‌സിക്കോയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കും യുഗോസ്ലാവിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍രം. ബ്രസീല്‍ ആദ്യ രണ്ട് കളികളക്കും തകര്‍ത്ത ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനിലയായി.

റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു ടീമിന് മൂന്ന് മത്സിലുമായി പമ്പ് ചെയ്തത് പതിമൂന്ന് ഗോളുകളാണ് ! 7-1ന് സ്വീഡനെയും 6-1ന് സ്‌പെയ്‌നിനെയും തകര്‍ത്തു. തോറ്റ രണ്ട് ടീമും അന്ന് യൂറോപ്പിലെ ശക്തര്‍. കപ്പ് നിര്‍ണയിക്കുന്ന മത്സരം ഉറുഗ്വെയുമായി മാറക്കാനയില്‍. സ്‌പെയ്‌നിനോട് 2-2ന് സമനിലയാവുകയും സ്വീഡനെ 2-3ന് കഷ്ടിച്ച് മറികടക്കുകയും ചെയ്ത ഉറുഗ്വെ ബ്രസീലിനെ എന്ത് ചെയ്യാനാണ് ?

കപ്പ് ബ്രസീലിന് തന്നെ. മാറക്കാന നിറഞ്ഞു. രണ്ട് ലക്ഷം പേരാണ് കളി കാണാനെത്തിയത്. ഒരു രാജ്യം നാട്ടുകാര്‍ക്ക് മുന്നില്‍ കപ്പുയര്‍ത്തുന്നതിന് വേണ്ടി പുതുക്കിപ്പണിത മാറക്കാന പതച്ച് പൊന്തുകയാണ് ബ്രസീലിന്റെ ഓരോ നീക്കത്തിലും.

ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രൈകയുടെ ഗോളില്‍ ബ്രസീല്‍ ലീഡെടുത്തു. പറയണ്ടല്ലോ അവസ്ഥ. മാറക്കാന കുലുങ്ങി. ഉറുഗ്വെ ഷിയാഫിനോയിലൂടെ അറുപത്താറാം മിനുട്ടില്‍ ഗോള്‍ മടക്കി. മാറക്കാനയിലെ ഇരമ്പം ഒന്നടങ്ങി. എഴുപത്തൊമ്പതാം മിനുട്ടില്‍ ഗിഗിയ ഗോളടിക്കുന്നു. ഉറുഗ്വെ 2-1ന് മുന്നില്‍. മാറക്കാന ഞെട്ടി. ദുരന്തം മുന്നില്‍ കണ്ട ബ്രസീലിയന്‍ താരങ്ങളുടെ കണ്ണില്‍ ഇരുട്ട് നിറഞ്ഞു. ബ്രസീല്‍ തോറ്റു ! ലോകഫുട്‌ബോളിലെ വലിയ അട്ടിമറിയുടെ ചരിത്രം മാറക്കാന ട്രാജഡിയുടെ രൂപത്തില്‍ ഇന്നും ബ്രസീലിനെ വേട്ടയാടുന്നു. അതിന് ശേഷം അഞ്ച് തവണ ലോകം കീഴടക്കിയെങ്കിലും മാറക്കാനയിലെ ആ ജൂലൈ ബ്രസീല്‍ ഫുട്‌ബോളിനെ വിടാതെ പിന്തുടരുന്നു. ആ ദുരന്തസ്മൃതി ബ്രസീലിയന്‍ ഫുട്‌ബോളിന് ഊര്‍ജമായി മാറിയെന്നത് പില്‍ക്കാല റെക്കോര്‍ഡുകള്‍ അടിവരയിടുന്നു.

വീണ്ടും ജൂലൈ…

2019 ജൂലൈ 7. മറ്റൊരു ജൂലൈ ! ബ്രസീലിലെ റിയോഡിജനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തിലേക്ക് ജനം ഒഴുകിയെത്തും.

കോപ അമേരിക്ക ഫൈനല്‍ നടക്കുന്നത് അവിടെയാണ്. ബ്രസീലും പെറുവും തമ്മിലുള്ള കലാശക്കളി കാണാനുള്ള തിടുക്കം കാനറിയുടെ നാടിനുണ്ട്. അല്ല, ബ്രസീല്‍ ആദ്യമായി മാറക്കാനയില്‍ വെച്ച് കോപ ഉയര്‍ത്തുന്നത് കാണാനുള്ള തിടുക്കമാണത്.
സാംബനൃത്തച്ചുവടുകളുമായി അര്‍മാദിക്കാനുള്ള രാത്രി അവര്‍ സ്വപ്‌നം കണ്ടു കഴിഞ്ഞു. മറിച്ചൊരു ചിന്ത അവര്‍ക്കില്ല.

കപ്പുയര്‍ത്തുമെന്ന് ബ്രസീലുകാര്‍ വിശ്വസിക്കുന്നത് കാരണമുണ്ട്. ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഫോം. ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ടിലുമായി അഞ്ച് കളികളില്‍ നിന്ന് പത്ത് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ഒരു ഗോള്‍ പോലും തിരിച്ചു വാങ്ങിയിട്ടില്ല. തോല്‍പ്പിച്ചത് ആരൊക്കെയാണെന്ന് നോക്കണം. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ കളിയില്‍ ബൊളിവിയയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.
വെനസ്വെലയോട് ഗോള്‍ രഹിതം. പെറുവിനെ മടക്കമില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കി ! ഈ പെറുവാണ് ഫൈനലില്‍ എതിരാളി !! ക്വാര്‍ട്ടറില്‍ കരുത്തരായ പാരഗ്വായെ ഷൂട്ടൗട്ടില്‍ മറികടന്നു.

ഷൂട്ടൗട്ട് ടെന്‍ഷനും മറികടക്കാനുള്ള കെല്‍പ്പുണ്ടെന്ന് തെളിയിച്ചു. സെമിയില്‍ മെസിയുടെ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചു, എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്.
ഫൈനലില്‍ ബ്രസീലോ പെറുവോ ? കണ്ണടച്ച് പറയാം ബ്രസീലെന്ന്.

കളി മാറക്കാനയിലാണ്. 1950 ലെ ജൂലൈ ബ്രസീലുകാര്‍ ഇന്നും മറന്നിട്ടില്ല. ഉറുഗ്വെയുടെ സ്ഥാനത്ത് ഇന്ന് പെറുവാണ്.
ക്വാര്‍ട്ടറില്‍ ഉരുഗ്വെയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി, സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലിയെ മൂന്ന് ഗോളുകളില്‍ മുക്കിയാണ് പെറുവിന്റെ വരവ്.

മാറക്കാനയില്‍ കാനറികളുടെ വിജയച്ചിറകടി പ്രതീക്ഷിച്ചിരിക്കുന്ന ഫുട്‌ബോള്‍ ലോകത്തിന് മുന്നിലേക്ക് മാറക്കാനയും ജൂലൈയും കടന്നുവരുമ്പോള്‍ ഫുട്‌ബോള്‍ നല്‍കുന്ന അട്ടിമറിയുടെ അപ്രവചനീയതയുടെ മധുചഷകമാണ് കോപയില്‍ നിറയുന്നത്.ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുന്ന ടീം തന്നെ മാറക്കാനയില്‍ കപ്പുയര്‍ത്തട്ടെ എന്ന് ആശംസിക്കുന്നു. ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം….