പി എന്‍ ബിയില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്; സി ബി ഐ കേസെടുത്തു

Posted on: July 7, 2019 3:38 pm | Last updated: July 7, 2019 at 9:18 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്കില്‍ (പി എന്‍ ബി) കോടികളുടെ വായ്പാ തട്ടിപ്പ് നടന്നതായി ഫോറന്‍സിക് ഓഡിറ്റിംഗില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കമ്പനിക്കും ഡയറക്ടര്‍ക്കുമെതിരെ സി ബി ഐ സ്വമേധയാ കേസെടുത്തു. ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയാണ് 3,800 കോടിയുടെ തട്ടിപ്പു നടത്തിയത്. ബേങ്ക് രേഖകളില്‍ കൃത്രിമം കാണിച്ചും ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ തെറ്റിദ്ധരിപ്പിച്ചുമാണ് തട്ടിപ്പു നടത്തിയതെന്ന് പി എന്‍ ബി അധികൃതര്‍ പറഞ്ഞു. ഫണ്ടുകള്‍ വഴിതിരിച്ചു വിട്ടതായും കണ്ടെത്തി. വായ്പാ തട്ടിപ്പ് റിസര്‍വ് ബേങ്കിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനിയാണ് ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍. രാജ്യത്തെ പുതിയ പാപ്പരത്ത നിയമ പ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി ആര്‍ ബി ഐ കോടതിയിലേക്ക് റഫര്‍ ചെയ്ത ആദ്യ 12 കമ്പനികളില്‍ ഒന്നുകൂടിയാണിത്. 2018ല്‍ വജ്ര വ്യാപാരികളായ നിരവ് മോദിയും മെഹുല്‍ ചോസ്‌കിയും പി എന്‍ ബിയുടെ മുംബൈയിലെ ബ്രാഡി ഹൗസ്, ഹോങ്‌കോങ് ബ്രാഞ്ചുകളില്‍ നിന്നായി 14,000 കോടിയുടെ തട്ടിപ്പു നടത്തി മുങ്ങിയിരുന്നു.