Connect with us

National

കീഴ്ജാതിക്കാരനെ പ്രണയിച്ച മകളെ മാതാപിതാക്കള്‍ കഴുത്തു ഞെരിച്ചു കൊന്നു; മൃതദേഹം നദിയില്‍ താഴ്ത്തി

Published

|

Last Updated

ബെര്‍ഹാംപൂര്‍: കീഴ്ജാതിക്കാരനെ പ്രണയിച്ചതിന് പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന് മൃതദേഹം ഗംഗാ നദിയില്‍ കെട്ടിത്താഴ്ത്തിയ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ധിരന്‍ മൊണ്ടാല്‍ (45), ഭാര്യ സുമതി (40) എന്നിവരാണ് ഒമ്പതാം ക്ലാസുകാരിയായ മകള്‍ പ്രതിമ മൊണ്ടാലിനെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

പശ്ചിമ ബംഗാളില്‍ മാല്‍ഡ ജില്ലയിലുള്ള ബൂത്‌നിയിലെ മഹേന്ദ്രതോല ഗ്രാമത്തിലാണ് സംഭവം. അയല്‍പ്രദേശത്തെ അജിന്ത മൊണ്ടാല്‍ എന്ന പതിനേഴുകാരനുമായി മകള്‍ക്കുള്ള ബന്ധത്തില്‍ പ്രകോപിതരായാണ് മാതാപിതാക്കള്‍ കടുംകൈ ചെയ്തത്. ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കീഴ്ജാതിക്കാരനായിട്ടും അജിന്ത തങ്ങളുടെ ജാതിപ്പേര് പേരിനൊപ്പം ഉപയോഗിച്ചതായും തങ്ങള്‍ പറഞ്ഞത് അനുസരിക്കാതെ മകള്‍ ഇഷ്ടക്കാരനെ കാണുന്നത് തുടര്‍ന്നതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് തങ്ങളുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പ്രതിമയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.

മൃതദേഹം ബാഗില്‍ കെട്ടിയ ശേഷം നദിയുടെ നടുവില്‍ കൊണ്ടുപോയി താഴ്ത്താനായിരുന്നു പദ്ധതി. സ്വന്തമായി ബോട്ടില്ലാത്തതിനാല്‍ ഒരു നാട്ടുകാരന്റെ ബോട്ട് അയാളറിയാതെ എടുത്താണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ബോട്ട് കാണാത്തതിനെ തുടര്‍ന്ന് നടത്തിയെ തിരച്ചിലിനിടെയാണ് ധിരനും സുമതിയുമാണ് ബാട്ട് കൊണ്ടുപോയതെന്ന് ഉടമക്ക് വിവരം ലഭിച്ചത്. ഭാരമുള്ള ഒരു ബാഗും അവരുടെ കയ്യിലുണ്ടായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി ബോട്ടുടമയോടു പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണമാണ് കൊലപാതക സംഭവത്തിലേക്ക് വെളിച്ചം വീശിയത്. ചോദ്യം ചെയ്തപ്പോള്‍ ധിരനും സുമതിയും കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 120-ബി (ക്രിമിനല്‍ ഗൂഢാലോചന) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ബൂത്‌നി പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള അഭിഷേക് താലൂക്ദാര്‍ അറിയിച്ചു.