Connect with us

National

ഹിറ്റ്മാന് ചരിത്ര റെക്കോര്‍ഡ്: ലങ്കക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

Published

|

Last Updated

ലീഡ്‌സ്: ഇംഗ്ലീഷ് ഗ്രൗണ്ടില്‍ മിന്നല്‍ പിണര്‍ തീര്‍ക്കുന്ന ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ തോളിലേറി ലങ്കക്കെതിരെ ഇന്ത്യക്ക് ഉജ്ജ്വല ജയം. ലങ്കയുടെ 264 റണ്‍സ് എന്ന സ്‌കോര്‍ 44-ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍മാരായ രോഹിതിന്റെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

ഒരു ലോകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഗ്യാതിക്കാണ് രോഹിത് ഇന്നലെ അര്‍ഹനായത്. വിരമിച്ച ശ്രീലങ്കന്‍ താരം കുമാര്‍ സംഗാക്കരുടെ ഒരു ലോകകപ്പിലെ നാല് സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് അഞ്ച് സെഞ്ച്വറി നേടി രോഹിത് മറികടന്നത്. ഇതിന് പുറമെ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പവും രോഹിത് എത്തി. ലോകക്കപ്പുകളില്‍ ആറ് സെഞ്ച്വറി നേടിയ ലോകത്തെ ഏക ബാറ്റ്‌സ്മാനായ ഇന്ത്യന്‍ ഇതിഹാസം സച്ചിനൊപ്പമാണ് രോഹിത് എത്തിയത്. സച്ചിന്‍ ആറ് ലോകകപ്പുകളില്‍ നിന്നാണ് ആറ് സെഞ്ച്വറി നേടിയതെങ്കില്‍ വെറും രണ്ട് ലോകകപ്പ് മാത്രം കളിച്ചാണ് രോഹിത് ഈ നേട്ടം കരസ്ഥമാക്കിയത്.

രോഹിതിന്റെയും രാഹുലിന്റെയും അടിയില്‍ തകര്‍ന്നത് ഇംഗ്ലണ്ടില്‍ നിന്ന് വിജയത്തോടെ നാട്ടിലേക്ക് മടങ്ങാമെന്നുള്ള ശ്രീലങ്കയുടെ മോഹമാണ്. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും കെ എല്‍ രാഹുലും കത്തിക്കയറിയ മത്സരത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 30 ഓവര്‍വരെ വിക്കറ്റ് പോകാതെ ബാറ്റ് വീശിയ ഇവര്‍ ഒന്നാം വിക്കറ്റില്‍ 189 റണ്‍സാണ്
അടിച്ച് കൂട്ടിയത്. 94 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം 103 റണ്‍സാണ് രോഹിത് നേടിയത്. രോഹിതിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോലിയെ സാക്ഷിനിര്‍ത്തി കെ എല്‍ രാഹുല്‍ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു.

എന്നാല്‍ തുടരെ രണ്ട് വിക്കറ്റ് വീണതാണ് ഇന്ത്യന്‍ വിജയം ഏഴ് വിക്കറ്റിന് മാത്രമാക്കിയത്. സെഞ്ച്വറി നേടിയ രാഹുല്‍118 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടക്കം 111 റണ്‍സ് നേടി. രാഹുല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ റിഷബ് പന്ത് നാല് റണ്‍സെടുത്ത് മടങ്ങി. ഒടുവില്‍ ക്യാപ്റ്റന്‍ കോലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. കോലി 34 റണ്‍സ് നേടി.

തുടക്കത്തില്‍ പതറിയ ശ്രീലങ്കക്ക് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അര്‍ധ സെഞ്ചുറി നേടിയ തിരിമാനെയുമാണ് പിന്നീട് കരുത്ത് പകര്‍ന്നത്.

ഏഞ്ചലോ മാത്യൂസ് 128 പന്തില്‍ നിന്ന് 113 റണ്‍സും തിരിമാനെ 68 പന്തില്‍ നിന്ന് 53 റണ്‍സും നേടി. കരുണരത്‌നെ (10), കുശാല്‍ പെരേര (18), അവിഷ്‌ക ഫെര്‍ണാണ്ടോ (20), കുശാല്‍ മെന്‍ഡിസ് (3) എന്നിവരാണ് ചുരുക്കം സ്‌കോറിന് പുറത്തായത്. ജസ്പ്രീത് ബുംറയുടെ ബൗളിംഗ് മികവിന് മുന്നില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് മുട്ടിടിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്. ഇതോടെ ബുംറ ഏകദിനത്തില്‍ 100 വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു.