കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി

Posted on: July 6, 2019 6:36 pm | Last updated: July 7, 2019 at 10:22 am

ദുബൈ: മലബാറിലെ പ്രവാസികള്‍ക്ക് ആശ്വാസമായി കോഴിക്കോട്ടേക്ക് വലിയ വീമാനങ്ങള്‍ക്ക് അനുമതി. ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കഴിഞ്ഞ ദിവസമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഡ് ഇ ഗണത്തില്‍പെടുന്ന വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഡല്‍ഹിയിലെ ഡി ജി സി എ ആസ്ഥാനത്ത് നിന്ന് കോഴിക്കോട് വിമാനത്താവള ഡയറക്ടര്‍ക്ക് ലഭിച്ചു. മലബാര്‍ ഡവലപ്‌മെന്റ് ഫോറം, യു എ ഇയിലെ പ്രവാസി സംഘടനകള്‍ തുടങ്ങിയവയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് ഡി ജി സി എയുടെ അനുമതി.

കോഡ്-ഇ ഗണത്തില്‍ പെടുന്ന ബോയിങ് 777-300 ഇ ആര്‍, ബോയിങ് 777-200 എല്‍ആര്‍, ബോയിങ് 787-8 ഡ്രീംലൈനര്‍, ബോയിങ് 747-400 ജംബോ, എയര്‍ബസ് 330-200 എന്നീ വിമാനങ്ങള്‍ക്കാണ് സര്‍വീസ് അനുമതി നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി.

പുനര്‍വിന്യാസത്തിലൂടെ ആഴ്ചയില്‍ 2500 സീറ്റുകള്‍ ലഭ്യമാക്കിയാല്‍ എമിറേറ്റ്‌സ് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആഴ്ചകള്‍ക്ക് മുമ്പ് യു എ ഇയില്‍ നടത്തിയ പര്യടനത്തില്‍ എമിറേറ്റ്‌സ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ കാര്‍പെറ്റിങ് ആരംഭിച്ച ഘട്ടത്തില്‍ എമിറേറ്റ്‌സിന് കോഴിക്കോട്ടേക്ക് അനുവദിച്ചിരുന്ന സീറ്റുകള്‍ ഇന്ത്യയിലേക്കുള്ള മറ്റ് സര്‍വീസുകള്‍ക്കായി വീതിച്ചു നല്‍കുകയായിരുന്നു.

അതേസമയം, എമിറേറ്റ്‌സ് നേരത്തെ നടത്തിയിരുന്ന സര്‍വീസുകള്‍ക്കായി ലാഭകരമല്ലാത്ത ഇടങ്ങളിലെ സീറ്റുകള്‍ പകുതിയോളം പിന്‍വലിച്ച് കോഴിക്കോട്ടേക്ക് സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ ആവശ്യപ്പെട്ടു. നിലവില്‍ അനുമതി ലഭിച്ച മുറക്ക് സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം. ആഴ്ചയില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അനുമതി ലഭിക്കുന്ന ഘട്ടത്തില്‍ പുനര്‍വിന്യാസത്തിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് കൂടുതല്‍ സീറ്റ് വീതിച്ചു നല്‍കാന്‍ എമിറേറ്റ്‌സ് തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് അധികൃതര്‍ക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, വലിയ ജംബോ വിമാനമായ ബോയിങ് 747-400ന് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് അനുമതി നല്‍കിയെങ്കിലും ഹജ്ജ് സീസണ്‍ കഴിഞ്ഞേ ഈ ഗണത്തില്‍ പെടുന്ന വിമാനം ഉപയോഗിച്ച് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. ഹജ്ജ് സീസണ്‍ ആരംഭിച്ചതിനാല്‍ മതിയായ വിമാനങ്ങളില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എയര്‍ഇന്ത്യ സര്‍വീസ് വൈകിപ്പിക്കുന്നത്.

തിരുവനന്തപുരം-കോഴിക്കോട്-ജിദ്ദ സെക്ടറിലുള്ള എയര്‍ ഇന്ത്യയുടെ ജംബോ 747-400 വിമാനം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് വീണ്ടും പ്രക്ഷോഭ പരിപാടികള്‍ നടത്തും. കോഴിക്കോട് നിന്ന് ഹജ്ജ് യാത്രകള്‍ക്ക് കോഡ്-ഇ ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താനും പുതിയ സര്‍ക്കുലറില്‍ അനുമതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതിയനുസരിച്ച് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കോഴിക്കോട് നിന്ന് കുറഞ്ഞ നിരക്കില്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ബി ജെ പി എന്‍ ആര്‍ ഐ സെല്‍ വിദേശകാര്യ സഹ മന്ത്രിക്ക് കൈമാറിയിരുന്നു. പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ യാത്രാകൂലിക്ക് സമാനമായ നിരക്കില്‍ വിമാന യാത്ര നടത്താം എന്നതാണിതിന്റെ സവിശേഷതയെന്ന് എന്‍ ആര്‍ ഐ സെല്‍ മീഡിയ കണ്‍വീനര്‍ സജീവ് പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി.