Gulf
വിശ്വാസത്തിന്റെ പേരില്‍ കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടില്ല: മുഖ്യമന്ത്രി

മലപ്പുറം: ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കുമെല്ലാം അവരുടെ ആചാരണ അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കേരളത്തില്‍ കഴിയും. മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടോ, വിശ്വസിക്കാത്തത് കൊണ്ടോ ഒരു സേവനവും നിഷേധിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് ഹൗസില്‍ വനിതകള്‍ക്കായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മതനിരപേക്ഷ ചിന്താഗതി ഉയര്‍ത്തിപ്പിടിപ്പിക്കുന്നതുകൊണ്ടാണ് എല്ലാ വിശ്വാസവും ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാന്‍ കേരളത്തിന് കഴിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മതനിരപേക്ഷ ചിന്തക്ക് ബലമേകുന്നത് രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനക്ക് ഒരു പോറലും ഏല്‍ക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്കുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. ഹജ്ജിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇതിന് അനുസരിച്ച് അവര്‍ക്ക് സൗകര്യവും വേണം. ഇത് ഉറപ്പുവരുത്തുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാന്‍ എംബാര്‍ക്കേഷന്‍ പോയിന്റുള്ള രണ്ട് വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാജിമാരുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ള 79 ഉദ്യോഗസ്ഥരെ ഇതിനായി സഊദിയയിലേക്ക് അയച്ചിട്ടുണ്ട്. ഹാജിമാരുടെ വര്‍ധനവിന് അനുസരിച്ച് വേണമെങ്കില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതാണ്. ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളവും പ്രവര്‍ത്തിച്ച് തുടങ്ങിയതിനാല്‍ ഇവിടെയും വേണമെങ്കില്‍ എംബാര്‍ക്കേഷന്‍ പോയിന്റാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഹജ്ജ് ഹൗസ് നിര്‍മിച്ചത് പാലോളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലാണ്. ഇപ്പോഴത്തെ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഹജ്ജ് ഹൗസില്‍ ഒരു വനിതാ ബ്ലോക്ക്കൂടി നിര്‍മിക്കുകയാണ്. അടുത്ത ഹജ്ജിന് മുമ്പ് വനിതാ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി അഞ്ച് കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹജ്ജിന് പോയി തിരിച്ചെത്തിയ ഹാജിമാര്‍ 25 ലക്ഷം രൂപ സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്തു. ഇതില്‍പ്പരം പുണ്യ പ്രവൃത്തി വേറെയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ഹജ്ജ് വഖ്ഫ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഖലീലുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സ്പീക്കര്‍ പി ശ്രീരാമകൃ്ഷണന്‍, എം പിമാരായ ഇ ടി മുഹമ്മദ് ബശീര്‍, പി വി അബ്ദുല്‍ വഹാബ്, എം എല്‍ എമാരായ ടി വി ഇബ്രാഹീം, പി മുഹ്‌സിന്‍ പ്രസംഗിച്ചു.
എം എല്‍ എമാരായ പി ടി എ റഹീം, കാരാട്ട് റസാഖ്, മുന്‍ഹജ്ജ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, വിവിധ സംഘടാന പ്രതിനിധികളായ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ബഹാവുദ്ദീന്‍ നദ്വവി, ആലിക്കുട്ടി മുസ്ലിയാര്‍, എം മുഹമ്മദ് മദനി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവിപങ്കെടുത്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സ്വാഗതവും കലക്ടര്‍ ജാഫര്‍ മാലിക് നന്ദിയും പറഞ്ഞു.