കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ ഉലയുന്നു;11 എംഎല്‍മാര്‍ രാജിക്കത്ത് നല്‍കി

Posted on: July 6, 2019 2:34 pm | Last updated: July 6, 2019 at 10:48 pm

ബെംഗളുരു: കര്‍ണാടകടയില്‍ സഖ്യ സര്‍ക്കാറിന്റെ പതനം ഉടനെന്ന് സൂചന നല്‍കി 11 എംഎല്‍എ മാര്‍ രാജിവെച്ചു. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിവെച്ചത്. രാജിക്കാര്യം സ്പീക്കര്‍ രമേഷ് കുമാര്‍ സ്ഥിരീകരിച്ചു.

എംഎല്‍എമാര്‍ നിയമസഭാ സെക്രട്ടറിക്കും സ്പീക്കറുടെ പേഴ്‌സണല്‍ സെക്രട്ടറിക്കുമാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. രാജിസമര്‍പ്പിച്ച എംഎല്‍എമാരുമായി മന്ത്രി ഡികെ ശിവകുമാര്‍ ചര്‍ച്ച നടത്തി.

ബി.സി പാട്ടീല്‍, എച്ച്. വിശ്വനാഥ്, നാരായണ്‍ ഗൗഡ, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമതല്ലി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് സ്പീക്കറുടെ സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയത്. സ്പീക്കറെ ഏറെനേരം കാത്തിരുന്നെങ്കിലും കാണാനാകാത്തതിനാലാണ് രാജി നല്‍കിയത്. തന്റെ നിര്‍ദേശപ്രകാരമാണ് സെക്രട്ടറി രാജിക്കത്ത് വാങ്ങിയതെന്ന് സ്പീക്കര്‍ വ്യക്തമാക്കി

തന്നെ പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് രാമലിംഗ റെഡ്ഡിയായിരുന്നു.

223 അംഗ നിയമസഭയില്‍ 15എംഎല്‍എമാര്‍ രാജിവെച്ചാല്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃഥ്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ താഴെ വീഴും

അതേ സമയം കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി കെസി വേണുഗോപാലും കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മന്ത്രി ഡികെ ശിവകുമാറും നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഡി.കെ ശിവകുമാര്‍ എന്നിവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവില്‍ 225 അംഗ സഭയില്‍ കോണ്‍ഗ്രസിന് 68 അംഗങ്ങളും ജെ.ഡി.എസിന് 35 അംഗങ്ങളുമാണുള്ളത്. ബി.എസ്.പി, കെ.പി.ജെ.പി, ഒരു സ്വതന്ത്രന്‍ എന്നിവരടക്കം സര്‍ക്കാരിന് 108 അംഗങ്ങളാണുള്ളത്. എന്നാല്‍ 106 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് ഇപ്പോള്‍ രാജി നടന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാനാകും.