Connect with us

Kannur

ജയിലില്‍ സി പി എം പ്രവര്‍ത്തകനെ വധിച്ച ഒമ്പത് ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍: ശിക്ഷ അല്‍പ്പസമയത്തിനകം

Published

|

Last Updated

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍വെച്ച് സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. 2004 ഏപ്രില്‍ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലല്‍വെച്ച് കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍ (48) കൊല്ലപ്പെട്ട കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഒന്ന് മുതല്‍ ഒമ്പതുവരെ പ്രതികളായ പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ പവിത്രന്‍, തമ്പാന്‍ കടവിലെ കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുണന്‍, സെന്‍ട്രല്‍ പൊയിലൂരില്‍ കെ പി രഘു, അരക്കിണറിലെ സനല്‍ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ പി കെ ദിനേശന്‍, മൊകേരി യിലെ കോട്ടക്ക് ശശി കൂത്തുപറമ്പിലെ അനില്‍കുമാര്‍, സെന്‍ട്രല്‍ പൊയിലൂരിലെ സുനി, ബാലുശ്ശേരിയിലെ പി വി അശോകന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുമ്പുപാര കൊണ്ട് തലക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുന്നത്. 20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍ എസ് സ് പ്രവര്‍ത്തകരാണു പ്രതികള്‍. ഏഴാം ബ്ലോക്കിന് മുന്നിലുണ്ടായ ആക്രമണത്തില്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു.

ആക്രമണത്തില്‍ തടവുകാരായ വളയം സ്വദേശി രാജു, പാലക്കാട്ടെ രാഗേഷ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ ജയിലിനുള്ളില്‍ നിന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Latest