തിവാരി അണക്കെട്ട് ദുരന്തം: അപകടത്തിന് കാരണം ഞണ്ടുകള്‍;വിചിത്ര വാദവുമായി മന്ത്രി

Posted on: July 5, 2019 9:51 am | Last updated: July 5, 2019 at 12:19 pm

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ 14 പേര്‍ മരിക്കാനിടയാക്കിയ തിവാരി അണക്കെട്ടില്‍ പൊട്ടലുണ്ടാക്കിയതിന് കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവയുണ്ടാക്കിയ വിള്ളലുകള്‍ കാരണമാണ് അണക്കെട്ട് പൊട്ടിയതെന്നാണ് മന്ത്രിയുടെ വിചിത്ര വാദം.

അണക്കെട്ടിന് നേരത്തെ ചോര്‍ച്ചകളൊന്നുമില്ലായിരുന്നു. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു.
നിര്‍മാണത്തിലെ അപാകതകളാണോ അപകടത്തിന് കാരണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സമീപവാസികളില്‍നിന്നും തനിക്ക് അങ്ങനൊരു വിവരം കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേ സമയം അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.