വെള്ളം വെള്ളം സെര്‍വര്‍ ഡൗണ്‍…

Posted on: July 5, 2019 9:06 am | Last updated: July 5, 2019 at 9:06 am

വെള്ളത്തിന് ദാഹിച്ചു വലഞ്ഞ കാക്കയുടെ കഥ ഓര്‍മയില്ലേ? പാത്രത്തിലെ അല്‍പം വെള്ളത്തില്‍ കല്ലിട്ടപ്പോള്‍ വെള്ളം പൊങ്ങി വന്നെന്നും കാക്ക ദാഹം തീര്‍ത്തു എന്നുമാണ് കഥ. മഴക്കാലമായിട്ടും പാത്രത്തില്‍ അല്‍പം പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലേക്ക് വരേണ്ട മഴമേഘങ്ങള്‍ എങ്ങോട്ടോ പോയി. മലയാളികള്‍ വേനല്‍ക്കാലത്തേതു പോലെ വെള്ളം കാത്തിരിപ്പായി. വെള്ളം കൊണ്ടു വന്ന പഞ്ചായത്തുകാര്‍ പോയി. പണം കൊടുത്ത് വാങ്ങിയ വെള്ളക്കാരനും പോയി. ശരിക്കും വെള്ളത്തിലായ അവസ്ഥ.

പണ്ട് ചിട്ടി പൊട്ടിയപ്പോള്‍ ഇടപാടുകാര്‍ വെള്ളത്തിലായെന്ന് കേട്ടിട്ടുണ്ട്. ചില്ലറ സമ്പാദ്യം ചിട്ടിയിലിട്ടവരാണ് കുടുങ്ങിയത്. ചിട്ടി നടത്തിയവന്‍ മുങ്ങി. പത്രത്തില്‍ വെണ്ടക്കയില്‍ വാര്‍ത്ത വന്നു. ഇനിയാരും കുടുങ്ങല്ലേ. ആളുകള്‍ അതങ്ങ് മറന്നു. പിന്നെയും ചിട്ടി ഉണ്ടായി. പൊട്ടുകയും ചെയ്തു. അപ്പോഴും വെള്ളത്തിലായത് പാവം നാട്ടുകാര്‍.

വെള്ളത്തിന്റെ കാര്യവും അതുതന്നെ. കഴിഞ്ഞ വര്‍ഷം വെള്ളംകളി തന്നെയായിരുന്നു. ഒന്ന് ഒഴിഞ്ഞു പോയാല്‍ മതിയെന്നായിരുന്നു. ഇനി വേനല്‍ വരുമെന്നോ, വെള്ളം കിട്ടാക്കനിയാകുമെന്നോ ആരുമോര്‍ത്തില്ല. വെള്ളം സംരക്ഷിച്ചു നിര്‍ത്തേണ്ട കാര്യവും മറന്നു പോയി. ഇപ്പോള്‍ ശരിക്കും വെള്ളമില്ലാതെ കഷ്ടപ്പെടുന്നു. അന്നാണോ ശരിക്കും വെള്ളത്തിലായത്, ഇന്നോ?

ചെന്നൈയാണ് വേനലില്‍ വരണ്ടു പോയത്. സാധാരണക്കാര്‍ മാത്രമല്ല, വി ഐ പികള്‍ വരെ വെള്ളമില്ലാതെ. സിനിമയില്‍ കൃത്രിമ മഴ ഉണ്ടാക്കുന്ന സംവിധായകനും പാട്ടില്‍ മഴ തീര്‍ത്ത ഗായികക്കും വരെ വെള്ളമില്ലായ്മയില്‍ വല്ലായ്മ. വെള്ളത്തിനായി പാത്രവുമെടുത്ത് കാത്ത് നില്‍ക്കുക, ഉറക്കമൊഴിയുക ഇതൊക്കെയാണ് അവിടുത്തെ പ്രധാന ദിനചര്യകള്‍. റേഷനാണ് വെള്ളം. ബി പി എല്ലോ എ പി എല്ലോ എന്ന് നോക്കാതെ കുടുംബത്തിന് എട്ട് പാത്രം വെള്ളം. അവിടെ വെള്ളത്തിന്റെ എ ടി എമ്മും വന്നു കഴിഞ്ഞു!
കേരളത്തില്‍ വെള്ളം മോഷണം പോകുന്നുണ്ടത്രേ. ടാങ്കില്‍ നിറച്ചു വെച്ച വെള്ളം ആരോ കട്ടെടുക്കുന്നു. പൊന്നും പണവുമൊന്നും വേണ്ട, വെള്ളം മതിയെന്നാണ്. പോലീസ് കേസെടുത്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഇനി സൈബര്‍ സെല്‍ പോലെ വാട്ടര്‍ സെല്ലും വന്നേക്കും. റേഷന്‍ കടകളിലും വെള്ളം വരാന്‍ പോകുന്നു. അരി, പഞ്ചസാര, ആട്ട, മണ്ണെണ്ണ…രണ്ട് കുപ്പി വെള്ളവും.

മന്ത്രി മണി പച്ചവെള്ളം പോലത്തെ സത്യം പറഞ്ഞു. അണക്കെട്ടുകളില്‍ വെള്ളമില്ല. വൈദ്യുതി പുറത്ത് നിന്ന് കൊണ്ടു വരാന്‍ മാര്‍ഗമില്ല. ലോഡ്‌ഷെഡ്ഡിംഗ് വേണ്ടി വരും, പവര്‍കട്ടും. പകല്‍ കട്ടും ഉണ്ടാകും. രാത്രിയാകുമ്പോള്‍ മെഴുകുതിരിയും തീപ്പെട്ടിയും കരുതുക.
വിമാനത്താവളത്തില്‍ നിന്ന് വാങ്ങിയ വെള്ളത്തിന് കൂടുതല്‍ പണമെടുത്തെന്ന്. 20 രൂപക്ക് പകരം അമ്പതാണ് വാങ്ങിയത്. അമിത ലാഭം. പിഴ വന്നപ്പോള്‍ ഒടുക്കേണ്ടി വന്നത് പതിനഞ്ചായിരം രൂപ. വെള്ളം വിറ്റവന്‍ ശരിക്കും വെള്ളത്തിലായി.

ഇംഗ്ലണ്ടില്‍ കളിയുടെ പൂരമാണ്. ക്രിക്കറ്റ് ലോകകപ്പ്. അവിടെ മഴയുടെ കളി. ഇതുവരെയായി നാലഞ്ച് മത്സരങ്ങളാണ് മഴ കൊണ്ടു പോയത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ മഴ. മൈതാനത്ത് മഴവെള്ളം. കാഴ്ചക്കാരായി കാണികള്‍. ഇതു വെറും കളിയല്ല. കോടികളുടെ കാര്യമാണ്. മത്സരം ഇല്ലാതാകുമ്പോള്‍ കളി കാണിക്കുന്ന ചാനലുകാര്‍ക്ക് നഷ്ടം കോടികള്‍. ടിക്കറ്റെടുത്ത കാണികള്‍ക്കും നഷ്ടം. മത്സരമില്ലാതെ പോയിന്റുകള്‍ പങ്ക് വെക്കുമ്പോള്‍ ജയിക്കാന്‍ സാധ്യതയുള്ളവന്‍ തോല്‍ക്കും, തോല്‍ക്കാന്‍ സാധ്യതയുള്ളവന്‍ ജയിക്കും. അപ്പോള്‍ ആരാണ് ശരിക്കും വെള്ളത്തിലായത്?

മാസാദ്യം ശമ്പളം കിട്ടണം. അതാണ് നാട്ടുനടപ്പ്. ഭൂരിപക്ഷം ജീവനക്കാരുടെയും മനസ്സിലിരിപ്പ് അതാണ്. ബേങ്കിലിട്ട് പലിശ വാങ്ങാനല്ല. പാല്‍, പത്രം, പലചരക്കുകട, തിരിച്ചടവുകള്‍, അങ്ങനെയെന്തെല്ലാം. ഇപ്പോഴിതാ സെര്‍വര്‍ പണിമുടക്കിയിരിക്കുന്നു. മുംബൈ വെള്ളത്തിലാണ്. വെള്ളം വെള്ളം സെര്‍വര്‍ ഡൗണ്‍. (വെള്ളം വെള്ളം സര്‍വത്ര എന്നല്ല) ജീവനക്കാരുടെ ശമ്പളം മുടങ്ങി. അങ്ങ് മുംബൈയിലെ മഴക്ക് ഇങ്ങ് കേരളത്തിലെ ശമ്പളം… വെള്ളം തരുന്നവന്റെ പണമെങ്കിലും കൊടുത്തില്ലേല്‍…ജീവനക്കാരും വെള്ളത്തിലായി!

കണാരേട്ടന്റെ കട കുറച്ചു ദിവസമായി അടഞ്ഞു കിടക്കുകയാണ്. നോട്ടീസ് ബോര്‍ഡില്‍ ഇങ്ങനെ: വെള്ളമില്ലാത്തതിനാല്‍ കട തുറക്കുന്നതല്ല. കഴിഞ്ഞ വര്‍ഷം വെള്ളത്തിലായ കട കുറെ ദിവസം അടച്ചിട്ടിരുന്നു. അന്ന് വെള്ളം, ഇന്ന്…