Connect with us

Kerala

മൂത്രമൊഴിക്കണമെന്ന് പറഞ്ഞു, വിലങ്ങഴിച്ചു; ലഹരിമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു

Published

|

Last Updated

ബംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതി തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തിരുവനനന്തപുരത്ത് 20 കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ കോട്ടയം സ്വദേശി ജോര്‍ജ്കുട്ടിയാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ചാടിപ്പോയത്.

കസ്റ്റഡിയില്‍ വാങ്ങിയ ജോര്‍ജ്കുട്ടിയുമായി ബുധനാഴ്ച രാവിലെയാണ് എക്‌സൈസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചത്. തെളിവെടുപ്പിനായി കൊണ്ടു പോകുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ജോര്‍ജ്കുട്ടി ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തി ഒരു കൈയ്യിലെ വിലങ്ങഴിച്ച് പുറത്തേക്കിറക്കിയപ്പോള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.

അന്വേഷണവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും തിരുവനന്തപുരത്ത് നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബംഗളുരുവിലെത്തി. കര്‍ണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗളൂര്‍ ആസ്ഥാനമാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍.

കാറിന്റെ ഡിക്കിയുടെ താവെ സ്ഥാപിച്ച രഹസ്യ അരയില്‍ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തുന്നതിനിടെ കോവളം വാഴമുട്ടത്ത് നിന്നാണ് ജോര്‍ജ്കുട്ടി പിടിയിലായത്. 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് പിടികൂടിയത്. കേരളത്തിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിച്ചിരുന്ന ജോര്‍ജ്ജ് കുട്ടിയെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു.

Latest