ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാറിന്റെ പ്രഥമ ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ രാജ്യത്തെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് മുതിര്‍ന്ന ധനകാര്യ ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് സഭയുടെ പരിഗണനക്കു വന്നത്.
2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം ഏഴ് ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സര്‍വേയില്‍ വ്യക്തമാക്കി. ഇന്ധന വിലയില്‍ കുറവുണ്ടാകും. തൊഴില്‍ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാധാന്യം നല്‍കും. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കും.
പൊതു ധനക്കമ്മി 2018ല്‍ 6.4 ശതമാനമായിരുന്നത് 2019 സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായി കുറഞ്ഞതായും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതിയും ജി എസ് ടി, കാര്‍ഷിക പദ്ധതികള്‍ തുടങ്ങിയവയും സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.